വസ്തു തർക്കം: ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറു പേരെ വെട്ടിക്കൊന്നു
ബംഗളുരു: വസ്തുതർക്കത്തിന്റെ പേരിൽ കർണാടകയിൽ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വിജയപുര ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിൽ ഇന്ന് ഉച്ചയോടെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. ചന്ദു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ത് നിരാലെ, ഷബ്ബീർ നദാഫ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അരവിന്ദ് കടാഗെ (72), സന്ദീപ് മാനെ (33) എന്നീ രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഗ്രാമത്തിലെ നിരാലെ, ഗുൽഗി കുടുംബങ്ങൾ തമ്മിൽ കൃഷി ഭൂമിയെ ചൊല്ലി വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു, വെടിവയ്പ് നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയിൽ വെടിയേറ്റ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി വിജയപുരഎസ്.പി ലക്ഷ്മൺ നിംബർഗി പറഞ്ഞു.