കർണാടകയിൽ ഡി.കെ യുഗം; പരമേശ്വരയ്യ ഉപമുഖ്യമന്ത്രി, 13 മന്ത്രിമാരും അധികാരമേറ്റു

Thursday 04 June 2026 12:13 AM IST

ഖാർഗെയും രാഹുലും വി.ഡി. സതീശനും ചെന്നിത്തലയും പങ്കെടുത്തു ഭരണഘടന പിടിച്ച് സത്യപ്രതിജ്ഞ

ബംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരുവിലെ ലോക്ഭവനിൽ ഇന്നലെ വൈകിട്ട് 4.15ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. 13 മന്ത്രിമാരും ചുമതലയേറ്റു. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിദ്ധരാമയ്യ,​ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സിംഗ് സുഖു എന്നിവരുൾപ്പെടെ പ്രമുഖരും സന്നിഹിതരായിരുന്നു.

അതിഥികളെ നേരിട്ട് സ്വീകരിച്ച ശിവകുമാർ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ വേദിയിൽ മുട്ടുകുത്തി നിന്ന് ജനങ്ങളെ നമസ്‌കരിച്ചു. കൈയിൽ ഭരണഘടനയുണ്ടായിരുന്നു. അന്തരിച്ച സന്യാസി ഗംഗാധർ അജയ്യയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈക്കമാൻഡിൽനിന്നാണ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെത്തിയത്. സാമുദായികവും പ്രാദേശികവുമായ പരിഗണനകൾ മുൻനിറുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്ന ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി.

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മലയാളികളായ യു.ടി. ഖാദർ,കെ.ജെ. ജോർജ് എന്നിവരും

മന്ത്രിസഭയിൽ ഇടം നേടി. രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ വിപുലീകരണമുണ്ടാകുമെന്നാണ് വിവരം. 

വന്ദേമാതരം

ചടങ്ങിൽ 'വന്ദേമാതരം" പൂർണമായും ചൊല്ലി. സത്യപ്രതിജ്ഞയ്ക്കു മുമ്പ് ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കർണാടകയുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുമ്പോൾ മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും മാർഗനിർദ്ദേശവും പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം എക്സിൽ കുറിച്ചു.