വൈറലായി വിവാഹാഭ്യർത്ഥന: സൈനിക കോപ്ടറിന് മുമ്പിൽ ക്യാപ്ടന് പ്രണയസാഫല്യം
നാസിക്ക്: ഒരു സൈനികന്റെ പ്രണയ സാഫല്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ ആർമി ഏവിയേഷൻ ബിരുദദാന ചടങ്ങിനുശേഷം ക്യാപ്ടൻ ഭരത് ഭരദ്വാജാണ് തന്റെ പ്രണയിനിക്ക് ഒരിക്കലും മറക്കാനാകാത്ത സർപ്രൈസ് ഒരുക്കിയത്. സൈനിക ഹെലികോപ്ടറിനു മുമ്പിൽ മുട്ടുകുത്തി നിന്ന ക്യാപ്ടൻ ഭരത് പ്രണയിനി ആരുഷിയുടെ നേർക്ക് മോതിരം നീട്ടി. ആരുഷി അത് സ്വീകരിച്ചതോടെ ക്യാപ്ടൻ ഭരതിന് ഇരട്ടിമധുരം.
കഴിഞ്ഞ രണ്ടിന് മഹാരാഷ്ട്ര നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് വൈമാനിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയിറങ്ങിയതാണ് ക്യാപ്ടൻ ഭരത്. ഈ സന്തോഷ നിമിഷത്തിൽ തന്നെ ആരുഷിയോട് വിവാഹാഭ്യർത്ഥന നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഹെലികോപ്ടറിൽ നിന്നിറങ്ങിയ ഉടൻ ക്യാപ്ടൻ ഭരത് ആരുഷിയെ അടുത്തുവിളിച്ചു. ഹെലിപ്പാടിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തി. ആരുഷി സമ്മതം മൂളിയതോടെ ഭരതിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരവം മുഴക്കി. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്.
'ഞങ്ങളെല്ലാവരും ഇന്ന് പൈലറ്റുമാരായി. ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ ദിനം. കഠിനാധ്വാനത്തിന് ഫലമുണ്ടായി. ആരുഷിയോട് വിവാഹാഭ്യർത്ഥന നടത്താൻ ഇതിലും മികച്ച ദിവസമില്ല. ഈ ദിവസം എന്നെന്നും ഓർമ്മിക്കുന്ന ദിവസമാകണമെന്ന് ഞാൻ ആഗ്രഹിച്ചു ' - ക്യാപ്ടൻ ഭരത് പറയുന്നു.
സമൂഹ മാദ്ധ്യമത്തിൽ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പരിശീലനം പൂർത്തിയാക്കിയതിലും പ്രണയം സഫലമായതിലും ചിലർ അഭിനന്ദിച്ചപ്പോൾ, സൈനിക വേഷത്തിൽ ഇങ്ങനെ ചെയ്യരുതായിരുന്നു എന്ന് ചിലർ പ്രതികരിച്ചു.