' നീറ്റ് വീണ്ടും എഴുതാൻ ധൈര്യമില്ല', വിദ്യാർത്ഥിനി ജീവനൊടുക്കി

Thursday 04 June 2026 12:01 AM IST

ഭോപ്പാൽ: നീറ്റ് യു.ജി ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശി അകാൻക്ഷ ചതുർവേദിയാണ് (18) വീട്ടിൽ തൂങ്ങിമരിച്ചത്. ഇനി നീറ്റ് പരീക്ഷയെഴുതാൻ ധൈര്യമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ആകാംക്ഷയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.'അമ്മേ, അച്ഛാ, നിങ്ങളുടെ മകൾ നന്നായി പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, പക്ഷേ ഇനി നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ആദ്യ ശ്രമത്തിൽ തന്നെ എനിക്ക് നല്ല മാർക്ക് ലഭിച്ചിരുന്നു, പക്ഷേ ഇനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ക്ഷമിക്കണം."- ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വന്നതോടെ ആകാംക്ഷ വിഷാദത്തിലായിരുന്നെന്നും

കടമെടുത്താണ് മകളെ പഠിപ്പിച്ചിരുന്നതെന്നും കർഷകനായ അകാൻക്ഷയുടെ പിതാവ് കൃഷ്ണ കുമാർ ചൗബെ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 650 ൽ കൂടുതൽ മാർക്ക് നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ആകാംക്ഷയുടെ ബന്ധു പ്രതികരിച്ചു.