തൃണമൂൽ പിളർന്നു, വിമത നേതാവ് ഋതബ്രത പ്രതിപക്ഷ നേതാവ്
മമതയെ തള്ളി 58 എം.എ.എമാർ
ന്യൂഡൽഹി: പാർട്ടിയെ ഒന്നിച്ചുകൊണ്ടുപോകാനുള്ള മുൻ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയുടെ ശ്രമങ്ങളെല്ലാം വിഫലം.
തൃണമൂൽ കോൺഗ്രസ് പിളർന്നു. വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായുള്ള 58 എം.എൽ.എമാരുടെ കത്ത് സ്‌പീക്കർ രതീന്ദ്ര നാഥ ബോസ് സ്വീകരിച്ചു. സന്ദീപൻ സാഹ, ജാവേദ് അഹമ്മദ് ഖാൻ, സ്യൂലി സാഹ, സബീന യാസ്മിൻ എന്നിവരെ ഉപപ്രതിപക്ഷ നേതാക്കളുമായും നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. മമതയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനൊപ്പം ഇനിയുള്ളത് 22 പേർ മാത്രം.
മഹാരാഷ്‌ട്രയിൽ ശിവസേന പിളർന്ന് ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം ഉടലെടുത്തതിന് സമാനമായ നീക്കങ്ങളാണ് വിമത തൃണമൂലിലും സംഭവിക്കുന്നത്. മൂന്നിൽ രണ്ട് എം.എൽ.എമാരുടെ പിന്തുണയുള്ള വിമത ഗ്രൂപ്പിന് ഔദ്യോഗിക വിഭാഗമെന്ന് അവകാശപ്പെടാനാകും. എം.പിമാരടക്കം മറ്റ് നേതാക്കളുടെ നിലപാടും വൈകാതെ അറിയാം.
പ്രതിപക്ഷ നേതാവായി ഔദ്യോഗിക വിഭാഗം ശോഭൻദേബ് ചതോപാദ്ധ്യായയെ പിന്തുണച്ചതിന് ഹാജരാക്കിയ ഒപ്പുകൾ വ്യാജമാണെന്ന് പ്രഖ്യാപിച്ചതിന് പുറത്തായ ഋതബ്രതയുടെയും സന്ദീപൻ സാഹയുടെയും നേതൃത്വത്തിലാണ് തൃണമൂലിലെ വിമത നീക്കം. എന്നാൽ സ്‌പീക്കർക്ക് നൽകിയ കത്തിൽ പാർട്ടി നേതാവായി മമതയുടെ പേരാണുള്ളത്. മമതയെ പ്രതിപക്ഷത്തിന്റെ മുഖ്യ ഉപദേഷ്‌ടാവാക്കുമെന്നും പറയുന്നു. യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ഋതബ്രത പറഞ്ഞു.
കമ്മിറ്റികൾ പിരിച്ചുവിട്ട് മമത
റിബൽ നീക്കങ്ങൾക്കിടെ തൃണമൂലിന്റെ എല്ലാ കമ്മിറ്റികളും മമത പിരിച്ചുവിട്ടു. പാർട്ടിയെ പുനസംഘടിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ആത്മപരിശോധനയും അവലോകനവും വിലയിരുത്തലും അടക്കം സമഗ്രമായ നടപടികളുണ്ടാകുമെന്ന് പാർട്ടി അറിയിച്ചു.
കൊൽക്കത്ത മേയർ രാജിവച്ചു
മമതയുടെ വിശ്വസ്‌തനായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം മേയർ പദവിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹക്കീം മമതയെ അറിയിച്ചിരുന്നു. തൃണമൂലിന്റെ ന്യൂനപക്ഷ മുഖമായ ഹക്കീം 2018 മുതൽ കൊൽക്കത്ത മേയറായി സേവനമനുഷ്ഠിക്കുന്നു. 2010 മുതൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തൃണമൂലിന്റെ നിയന്ത്രണത്തിലാണ്.
അഭിഷേക് ബാനർജിക്ക് ഇ.ഡി നോട്ടീസ്
ബംഗാളിലെ പ്രൈമറി ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ 15 ന് നേരിട്ട് ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. കേസിൽ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.