 സ്റ്റാലിനെ കൈവിട്ട് വൈക്കോയും എം.ഡി.എം.കെ ടി.വി.കെ മുന്നണിയിലേക്ക്

Thursday 04 June 2026 12:30 AM IST

ചെന്നൈ: ഡി.എം.കെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ നിന്നും വൈക്കോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) പുറത്തുപോകും. പാർട്ടിയുടെ രണ്ട് എം.എൽ.എമാർ രാജിവയ്ക്കും. പാർട്ടി ടി.വി.കെ മുന്നണിയുടെ ഭാഗമാകാനാണ് സാദ്ധ്യത. 27ന് നടക്കുന്ന എം.ഡി.എം.കെ ജനറൽ കൗൺസിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. എം.ഡി.എം.കെയ്ക്ക് രണ്ട് എം.എൽ.എമാരാണുള്ളത്. മൈലാടുതുറ ജില്ലയിലെ സീർകാഴി മണ്ഡലത്തിൽ നിന്ന് വിജയിച്ച ആർ.സെന്തിൽ സെൽവനും തെങ്കാശി ജില്ലയിലെ കടയനല്ലൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച ടി.എം.രാജേന്ദ്രനും. രണ്ടു പേരും ഡി.എംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിച്ചത്. അതുകൊണ്ടു തന്നെ നിയമസഭയിൽ ഡി.എം.കെയുടെ വിപ്പ് അനുസരിക്കേണ്ടി വരും. കൂറുമാറിയാൽ അയോഗ്യതയുമുണ്ടാകും. അതുകൊണ്ടാണ് രാജിവയ്ക്കാൻ ആലോചിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി സി.ജോസഫ് വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നന്ദി പര്യടനത്തിന് എത്തിയപ്പോൾ എം.ഡി.എം.കെ സ്ഥാപക നേതാവായ വൈകോയുടെ മകൻ ദുരൈ വൈകോ എം.പി വിജയ്‌യെ സ്വീകരിക്കാനെത്തിയിരുന്നു. സ്ഥലം എം.പി കൂടിയായ ദുരൈ വൈകോ അണ്ണാ ഡി.എം.കെ എം.എൽ.എമാർ രാജിവച്ചു പാർട്ടി മാറുന്നതിനെ അനുകൂലിച്ചിരുന്നു. ഇതോടെയാണ് എം.ഡി.എംകെയുടെ മുന്നണി മാറ്റത്തിൽ ചർച്ച തുടങ്ങിയത്. ഇതിനിടെ ഡി.എം.കെ നിർബന്ധിച്ചു ചിഹ്നം നൽകിയെന്ന് ആവർത്തിച്ചു വൈകോ രംഗത്തെത്തി.