പുതുച്ചേരിയിൽ മന്ത്രിസഭ വികസിപ്പിച്ചില്ല, എൻ.ഡി.എയിൽ അസ്വാരസ്യം

Thursday 04 June 2026 12:32 AM IST

പുതുച്ചേരി: ഭരണത്തിലേറി 20 നാൾ പിന്നിട്ടിട്ടും പുതുച്ചേരിയിൽ എൻ.ഡി.എ സർക്കാരിന്റെ മന്ത്രിസഭാ വികസനം നടന്നില്ല.

കഴിഞ്ഞ മാസം 13ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ആൾ ഇന്ത്യാ എൻ.ആർ.കോൺഗ്രസിലെ എൻ.രംഗസ്വാമിയെ കൂടാതെ ബി.ജെ.പിയിലെ എം.നമശിവായം, എൻ.ആർ.കോൺഗ്രസിലെ മല്ലാടി കൃഷ്ണറാവു എന്നിവർ മാത്രമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

പുതുച്ചേരിയിൽ ആറു പേർക്ക് മന്ത്രിമാരാകാം. കഴിഞ്ഞ മന്ത്രിസഭയിൽ നാല് പേർ എൻ.ആർ.കോൺഗ്രസിൽ നിന്നും രണ്ടു പേർ ബി.ജെ.പിയിൽ നിന്നുമായിരുന്നു. 30 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 16 അംഗങ്ങളാണ് വേണ്ടത് അന്ന് എൻ.ഡി.എയിൽ എൻ.ആർ.കോൺഗ്രസ് 10, ബി.ജെ.പി 6 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഇപ്പോൾ എൻ.ഡി.എയിൽ എൻ.ആർ കോൺഗ്രസ് 12, ബി.ജെ.പി 4, അണ്ണാ ഡി.എം.കെ 1, എൽ.ജെ.കെ 1 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണത്തെ പോലെ രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. തങ്ങൾക്ക് അംഗങ്ങൾ കൂടിയതിനാൽ അതനുവദിക്കാനാകില്ലെന്നാണ് രംഗസ്വാമിയുടെ നിലപാട്. സഖ്യത്തിലെ മറ്റ് പാർട്ടികൾ മന്ത്രിസ്ഥാനത്തിനുവേണ്ടി രംഗത്തെത്തിയിട്ടില്ല. വിഷയം മുന്നണിയിൽ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് എൻ.രംഗസ്വാമി മുന്നണി വിടാൻ ആലോചിച്ചിരുന്നുവെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

ഡി.എം.കെ(5), ടി.വി.കെ(2), കോൺഗ്രസ് (1) എന്നിവരാണ് പ്രതിപക്ഷത്തുള്ളത്.