വീടിന്റെ വിവരങ്ങൾ സ്വയം ചേർക്കാം, പുതുമകളുമായി ആദ്യ ഡിജിറ്റൽ സെൻസസ്
ന്യൂഡൽഹി: രാജ്യത്ത് 15 വർഷത്തിനുശേഷം തുടക്കമിട്ട 2027ലെ സെൻസസിൽ പുതുമകളേറെ. വീടിന്റെ വിവരങ്ങൾ പ്രത്യേക പോർട്ടലിലൂടെ വീട്ടുകാർക്ക് സ്വയം ചേർക്കാമെന്നതാണ് പ്രധാന സവിശേഷത. സ്മാർട്ട് ഫോണിലൂടെ വിവരശേഖരണം നടത്തുന്ന ആദ്യ ഡിജിറ്റൽ സെൻസസ് ആയതിനാൽ എന്യൂമറേറ്റർ ചമഞ്ഞ് തട്ടിപ്പുനടത്തുന്നവർ കുടുങ്ങും. എന്യൂമറേറ്ററുടെ ഫോണിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് തട്ടിപ്പല്ലെന്ന് ജനങ്ങൾക്ക് ഉറപ്പാക്കാം. ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങൾ കൈമാറേണ്ടതില്ല.
രണ്ടു ഘട്ടമായാണ് സെൻസസ്. ആദ്യഘട്ടത്തിൽ വീടിന്റെ കണക്കെടുപ്പും രണ്ടാംഘട്ടത്തിൽ ജനസംഖ്യാകണക്കെടുപ്പും. കേരളത്തിൽ 16മുതൽ 30വരെ വീടിന്റെ വിവരങ്ങൾ പോർട്ടലിലൂടെ സ്വയം സമർപ്പിക്കാം. ജൂലായ് ഒന്നുമുതൽ 30വരെ എന്യൂമറേറ്റർമാർ നേരിട്ടെത്തിയും വീടുകളുടെ കണക്കെടുക്കും.
സ്വയം വിവരം നൽകൽ
(സെൽഫ് എന്യൂമറേഷൻ)
ഗൃഹനാഥന്റെയോ, ഗൃഹനാഥയുടെയോ മൊബൈൽ നമ്പർ ഉപയോഗിച്ച് se.census.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യണം. സംസ്ഥാനം തിരഞ്ഞെടുത്ത്, വീടുനിൽക്കുന്ന സ്ഥലം കണ്ടെത്തി സൈറ്റിലുള്ള 33 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. വിവരങ്ങൾ സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന 11 അക്ക 'സെൽഫ് എന്യൂമറേറ്റർ ഐ.ഡി"(എസ്.ഇ ഐ.ഡി) വീട്ടിൽ വരുന്ന എന്യൂമറേറ്റർക്ക് കൈമാറണം. അദ്ദേഹം വിവരം പരിശോധിച്ച് കൃത്യമാക്കും. 15 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സ്വയം വിവരങ്ങൾ നൽകാം. അതേസമയം, സെൽഫ് എന്യൂമറേഷൻ നിർബന്ധമല്ല.
33 ചോദ്യങ്ങൾ
വീട്ടുനമ്പർ, മേൽക്കൂര (കോൺക്രീറ്റ്, ഓട്), തറ (മൊസൈക്ക്, മാർബിൾ), ഭക്ഷണരീതി, വാഹനങ്ങൾ, വീട്ടിലെ അംഗങ്ങൾ, ഗൃഹനാഥന്റെ വിവരങ്ങൾ, വിവാഹിതർ, പാചകവാതക കണക്ഷൻ, ടെലിവിഷൻ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമടക്കം 16 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ നൽകാം.
മാർച്ച് ഒന്നുമുതൽ
പുതിയ സെൻസസ്
ജനസംഖ്യ, സാമൂഹികാവസ്ഥ, വിദ്യാഭ്യാസം, കുടിയേറ്റം, ജാതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ അടുത്ത ഫെബ്രുവരിയിൽ തുടങ്ങും. നടപടികൾ പൂർത്തിയാക്കി 2027 മാർച്ച് ഒന്നുമുതൽ രാജ്യത്താകെ പുതിയ സെൻസസ് പ്രാബല്യത്തിൽ വരും.