ഐക്യരാഷ്ട്രസഭയിൽ മോദിയുടെ സമ്മാനം ഏറ്റവും സുഗന്ധമുള്ള അരി: പൈതൃകം അറിയിക്കാനെന്ന് പ്രധാനമന്ത്രി

Friday 22 May 2026 3:32 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനവും അദ്ദേഹം നേതാക്കൾക്ക് നൽകിയ സമ്മാനങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അഞ്ച് രാജ്യങ്ങളിൽ നടത്തിയ നയതന്ത്ര പര്യടനങ്ങളിൽ മോദി നൽകിയ സമ്മാനങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.

ഇറ്റലി സന്ദർശനത്തിനിടെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ക്യു ഡോങ്‌യുവിന് മോദി സമ്മാനിച്ചത് അസമിലെ സവിശേഷമായ ജോഹ അരിയാണ്. ഇതിനുപുറമെ കേരളത്തിലെ മട്ട അരി, ബംഗാളിലെ ഗോബിന്ദോഭോഗ് അരി, ബസുമതി അരി എന്നിവയും അദ്ദേഹം സമ്മാനിച്ചിരുന്നു.

ഇന്ത്യയുടെ തനത് കാർഷിക വൈവിധ്യവും പാരമ്പര്യവും ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സമ്മാനം അദ്ദേഹം നൽകിയത്. ആഗോള നയതന്ത്ര വേദിയിൽ അസം തിളങ്ങുന്നുവെന്നായിരുന്നു ഈ വാർത്ത പങ്കുവച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. അസമിലെ പൈതൃകത്തോടുള്ള പ്രധാനമന്ത്രിയുടെ സ്നേഹത്തെയും ആഗോള വേദിയിൽ വർദ്ധിച്ചുവരുന്ന അസമിന്റെ സ്വാധീനവുമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ഏറ്റവും പഴക്കമുള്ളതും വിലപ്പെട്ടതുമായ തദ്ദേശീയ നെല്ലിനങ്ങളിൽ ഒന്നാണ് ജോഹ. ഈ അരിയുടെ പ്രകൃതിദത്ത സുഗന്ധവും സവിശേഷമാണ്. സംസ്ഥാനത്തിന്റെ കാർഷിക-സാംസ്കാരിക പാരമ്പര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. പാകം ചെയ്തു കഴിഞ്ഞാലും പരസ്പരം ഒട്ടിപ്പിടിക്കാതെ മൃദുവായ ഘടന നിലനിർത്തുന്നു എന്നതാണ് ജോഹ അരിയുടെ പ്രധാന പ്രത്യേകത. പരമ്പരാഗത അസമീസ് വിഭവങ്ങൾക്കൊപ്പം കഴിക്കാൻ വളരെ അനുയോജ്യമായ ഒരു ധാന്യമാണിത്. രുചിക്കും സുഗന്ധത്തിനും പുറമെ നിരവധി ആരോഗ്യഗുണങ്ങളും ജോഹ അരിയ്ക്കുണ്ട്.