
മുംബയ്: നായകനായി മുംബയ് ഇന്ത്യൻസിൽ മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയ്‌ക്ക് ഇത്തവണ അത്ര മികച്ച സീസണല്ല. നിലവിൽ ഒൻപതാം സ്ഥാനത്താണ് മുംബയ് ഉള്ളത്. 2024 മുതൽ നായകനായി മൂന്ന് സീസണുകളിൽ ഒരിക്കൽ മാത്രമാണ് മുംബയ് പ്ളേഓഫ് കണ്ടത്. ഇപ്പോഴിതാ ഹാർദികിനോട് മുംബയ് വിടാനും പകരം മറ്റൊരു ടീമിലെ നായകനാകാനും ഉപദേശിച്ചിരിക്കുകയാണ് ഇംഗ്ളീഷ് കമന്റേറ്ററായ മൈക്കൽ വോൺ. ക്രിക്‌ബസിൽ സംസാരിക്കവെയാണ് വോൺ ഇക്കാര്യം പറഞ്ഞത്.
'ധാരാളം മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ കൊണ്ടുവന്നതിലൂടെ എന്തെങ്കിലും മാറ്റം ഞാൻ കണ്ടില്ല. ഗുജറാത്ത് ടൈറ്റൻസിനൊപ്പം അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചു. അവിടെ വ്യത്യസ്‌തരായ കളിക്കാരുടെയും കോച്ചിന്റെയും സഹായത്തിൽ അവിടെ കിരീടവും നേടി.' വോൺ പറയുന്നു. മുംബയ് ഇന്ത്യൻസ് ഹാർദികിനെ നൽകി പകരം കാമറൂൺ ഗ്രീനിനെ സ്വന്തമാക്കണമെന്നാണ് വോണിന്റെ ആവശ്യം. 2024ൽ കാമറൂൺ ഗ്രീനിനെ ആർസിബിയ്‌ക്ക് നൽകിയാണ് പകരം ഹാർദികിനെ മുംബയ് നേടിയത്. അക്കാലത്ത് വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത്തിന് ശേഷം ഹാർദിക് ഇന്ത്യയുടെ നായകനാകും എന്ന് കരുതിയിരുന്നു. നല്ലൊരു നായകനെ തേടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഹാർദികിനെ നൽകി പകരം ഗ്രീനിനെ മുംബയ്‌ക്ക് വാങ്ങാവുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ ഐപിഎൽ ഈ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്നും 172 റൺസ് മാത്രമാണ് ഹാർദികിന്റെ സമ്പാദ്യം. 128 സ്‌ട്രൈക്ക് റേറ്റ്. നാല് വിക്കറ്റുകൾ മാത്രമാണ് നേടിയത്. ഈ സീസണിൽ 25.20 കോടി രൂപയ്‌ക്കാണ് കാമറൂൺ ഗ്രീനിനെ കെകെആർ സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളിൽ വളരെ മോശം പ്രകടനമായിരുന്നെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഗ്രീൻ 13 മത്സരങ്ങളിൽ 146.78 സ്‌ട്രൈക് റേറ്റോടെ 321 റൺസ് നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റുകളും സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |