'ജെൻസിയ്‌ക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്'; കോക്രോച്ച് ജനതാ പാർട്ടി തരംഗത്തിൽ ആശങ്കയില്ലെന്ന് ആആർഎസ്‌എസ്
മുംബയ്: സാമൂഹികമാദ്ധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി(സിജെപി)യുമായി ബന്ധപ്പെട്ട ആശങ്കകൾ തള്ളി ആർഎസ്‌എസ്. ഇന്ത്യൻ ജനാധിപത്യത്തിന് എല്ലാത്തരം ശബ്‌ദങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും രാജ്യത്തെ യുവതലമുറയ്‌ക്ക് ജനാധിപത്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മുതിർന്ന ആർഎസ്‌എസ് നേതാവ് സുനിൽ ആംബേകർ പറഞ്ഞു. രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പുകളും സ്വതന്ത്രമായ മാദ്ധ്യമ അന്തരീക്ഷവുമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിജെപിയുടെ കടന്നുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനാധിപത്യത്തിലെ വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളെ ഒരു ഞെട്ടലോടെയല്ല മറിച്ച് സ്വാഭാവികമായ പ്രക്രിയയായി വേണം കാണാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തെ ഭരണഘടന ദുർബലമല്ലെന്നും ജനശക്തിയും ജനാധിപത്യവും ഇവിടെ ശക്തമാണെന്നും സുനിൽ ആംബേകർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കൾ അഥവാ ജെൻസി രാജ്യത്തെക്കുറിച്ച് പ്രതീക്ഷകളുള്ളവരാണെന്നും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യത്തിൽ വിവിധ വിഷയങ്ങൾ ഉയർന്നുവരും അവ കൈകാര്യം ചെയ്യാൻ ജനാധിപത്യപരമായ വഴികളുമുണ്ടെന്നും സുനിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിഭജനത്തെ ആർഎസ്‌എസ് എല്ലാക്കാലത്തും എതിർത്തിട്ടുണ്ടെന്നും ആ സമയത്ത് സംഘടന കൂടുതൽ ശക്‌തമായിരുന്നെങ്കിൽ വിഭജനം സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.