
ന്യൂഡൽഹി: സെലക്ഷൻ ട്രയൽസ് സെമിഫൈനലിലെ അപ്രതീക്ഷിത തോൽവിയോടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് പുറത്തായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയുടെ മീനാക്ഷിയോട് 4–6 എന്ന സ്കോറിനാണ് വിനേഷിന്റെ തോൽവി. ഫെഡറേഷന്റെ നിയമക്കുരുക്കുകളെ സുപ്രീം കോടതിയിലെത്തി തോൽപ്പിച്ച് ഗോദയിലെത്തിയ താരം അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലാണ് പൊരുതിവീണത്.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിന്റെ ആദ്യ റൗണ്ടിൽ ജ്യോതിയെ 7-1 ന് തകർത്ത് വിനേഷ് മികച്ച തുടക്കം കുറിച്ചിരുന്നു. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഹരിയാനയുടെ നിഷുവിനെയും താരം മറികടന്നു. എന്നാൽ ഫൈനൽ പ്രവേശനത്തിനായുള്ള കടുത്ത സെമിഫൈനൽ പോരാട്ടത്തിൽ യുവപ്രതിഭയായ മീനാക്ഷി ഗോയറ്റിനോട് പരാജയപ്പെടുകയായിരുന്നു വിനേഷ് ഫോഗട്ട്.
തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാരവിഭാഗമായ 53 കിലോഗ്രാമിൽ മത്സരിക്കാൻ ശനിയാഴ്ച രാവിലെ വരെ വിനേഷിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. ഒടുവിൽ ഫെഡറേഷൻ അനുമതി നൽകിയതോടെയാണ് താരം ഗോദയിലിറങ്ങിയത്. അവസാന നിമിഷം വരെ പോയിന്റുകൾക്കായി വിനേഷ് ആക്രമിച്ചു കളിച്ചെങ്കിലും മീനാക്ഷിയുടെ വേഗതയേറിയ കൗണ്ടർ അറ്റാക്കുകൾക്ക് മുന്നിൽ ലീഡ് നഷ്ടപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |