കർണാടകയിൽ തല മാറ്റം: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡി.കെ ശിവകുമാർ പുതിയ മുഖ്യനായേക്കും
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഭരണത്തിലേറി രണ്ടര വർഷം പൂർത്തിയാകമ്പോൾ സ്ഥാനം ഒഴിഞ്ഞുതരാമെന്ന മുൻധാരണ പ്രകാരമാണ് നടപടി. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. മേയ് 20ഓടെ സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു.
ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, ഡോ. ജി. പരമേശ്വര, മധു ബംഗാരപ്പ, രാമലിംഗ റെഡ്ഡി, ചലുവരയസ്വാമി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എങ്കിലും ഡി.കെ ശിവകുമാർ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച ദില്ലിയിൽ കോൺഗ്രസ് നേതൃത്വവുമായി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. രണ്ടര വർഷത്തിന് ശേഷം അധികാരം ശിവകുമാറിന് കൈമാറണമെന്ന മുൻ ധാരണ നടപ്പിലാക്കാൻ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സിദ്ധരാമയ്യയ്ക്ക് നേരിട്ട് നിർദേശം നൽകുകയായിരുന്നു.