ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയിൽ വീഴ്ച ഉണ്ടാകുന്നത് ദുഃഖകരമെന്ന് സുപ്രീംകോടതി

Friday 29 May 2026 3:51 PM IST

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ എൻടിഎ‌യെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നിരീക്ഷണ സംവിധാനങ്ങളും മേൽനോട്ട സമിതികളും നിലവിലുണ്ടെങ്കിൽ ഇത്രയും വലിയ വീഴ്ച എങ്ങനെ സംഭവിക്കുമെന്ന് കോടതി ചോദിച്ചു. മുൻവർഷങ്ങളിലെ വീഴ്ചകളിൽ നിന്നും എൻ‌ടി‌എ ഒരു പാഠവും പഠിക്കുന്നില്ലെന്നും ഇത് അങ്ങേയറ്റം ദുഃഖകരമാണെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

എൻ‌ടി‌എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. യുപിഎസ്‌സി അടക്കം കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് അതീവ ദുഃഖകരമാണെന്നും കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിനോട് നിർദേശിച്ചു. ജൂലായിലാണ് ഇനി കേസ് പരിഗണിക്കുന്നത്.