മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ; വിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്

Friday 29 May 2026 7:21 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ തലമുറൈ ന്യൂസ് ചാനലിനെതിരെ പ്രതികാരനടപടിയുമായി വിജയ് സർക്കാർ. മുൻകൂർ നോട്ടീസോ മറ്റ് അറിയിപ്പുകളോ നൽകാതെ സർക്കാർ കേബിൾ നെറ്റ്‌വർക്കിൽ നിന്നും ചാനലിനെ നീക്കി. തമിഴ്‌നാട്ടിലെ ക്രമസമാധാനപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ചുള്ള റിപ്പോർട്ടുകൾ നൽകിതിനുപിന്നാലെയാണ് പ്രതികാരനടപടി. നേരത്തെ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച സമയങ്ങളിലും ചാനലിനെതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്.

ഡൽഹിയിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്‌ച‌കൾക്കുപിന്നാലെ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നത് പതിവാണ്. എന്നാൽ, വിജയ് മാദ്ധ്യമങ്ങളെ കാണാതെയാണ് മടങ്ങിയത്. കൂടാതെ വിജയ് നടത്തുന്ന യാത്രകളെ വിമർശിച്ചതും സർക്കാരിനെ പ്രകോപിപ്പിച്ചു. ചെന്നൈയ്‌ക്ക് പുറത്തുള്ള നീലാങ്കരയിലാണ് വിജയ് താമസിക്കുന്നത്. ഇവിടെ നിന്നുമാണ് എല്ലാ ദിവസവും വിജയ് സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. ഈ യാത്രകൾ ജനങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ചാനൽ റിപ്പോർട്ടുകൾ നൽകിയത്.

സർക്കാർ നടപടിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി ചെന്നൈ പ്രസ് ക്ലബ് രംഗത്തെത്തി. സർക്കാർ നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമാണെന്നും നടപടി പിൻവലിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നൽകി. അധികാരികളെ വിമർശിക്കുന്ന ചാനലുകൾക്കെതിരെ മുൻകാല സർക്കാരുകൾ സ്വീകരിച്ച നിലപാട് തന്നെയാണ് വിജയ് സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.