ഇടതുപക്ഷത്തെ തോൽപ്പിച്ച സിംഗൂരിലേക്ക് ടാറ്റയ്ക്ക് വീണ്ടും സ്വാഗതം; തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി ബിജെപി സർക്കാർ
കൊൽക്കത്ത: പശ്ചിമബംഗാളിൽ വ്യവസായ പുനരുജ്ജീവനം ലക്ഷ്യമിട്ട് സിംഗൂരിലേക്ക് ടാറ്റ ഗ്രൂപ്പിനെ കെണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കഴിഞ്ഞദിവസം ഇക്കാര്യം പറഞ്ഞത്. ഇത് ഒരു സാമ്പത്തിക ആവശ്യമാണെന്നും സംസ്ഥാനം വീണ്ടും ബിസിനസിനായി തുറന്നിരിക്കുന്നുവെന്നതിന്റെ ശക്തമായ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സമിക് കൂട്ടിച്ചേർത്തു. ടാറ്റ മോട്ടോഴ്സിന് ഫാക്ടറി തുടങ്ങാൻ ഇടത് സർക്കാർ ഭൂമി നൽകിയ നടപടിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവും പിന്നീട് പദ്ധതി ഉപേക്ഷിച്ച് ടാറ്റ മടങ്ങിയതും വലിയ ജനശ്രദ്ധനേടിയിരുന്നു. പിന്നാലെ 34 വർഷത്തെ ഇടത് ഭരണം അവിടെ അവസാനിച്ചു. അന്ന് അധികാരത്തിൽ കയറിയ തൃണമൂലിനെ തോൽപ്പിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറി. ഇതോടെ ടാറ്റയെ തിരികെ വിളിക്കാൻ ശ്രമിക്കുകയാണെന്നാണ് വിവരം.
'ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതും സിംഗൂരിൽ. പശ്ചിമ ബംഗാൾ നിക്ഷേപസൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ സജ്ജമാണെന്നുമുള്ള സന്ദേശം രാജ്യത്തിനും ലോകം മുഴുവനും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആട്ടോമൊബെെൽ ആയാലും മറ്റേതെങ്കിലും മേഖല ആയാലും, ഏത് രൂപത്തിലും ടാറ്റയ്ക്ക് സിംഗൂരിലേക്കോ ബംഗാളിലേക്കോ തിരിച്ചുവരാം. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും ആദരണീയവും വിശ്വസ്തവുമായ ഗ്രൂപ്പുകളിൽ ഒന്നാണ് ടാറ്റ'- സമിക് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.