ഹെൽമറ്റില്ല, ഹാൻഡിലിൽ കൈയില്ല; ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിൽ യുവാവിന്റെ അപകടയാത്ര

Monday 18 May 2026 7:28 PM IST

ലക്നൗ: തിക്കേറിയ റോഡിൽ യുവാവിന്റെ സ്‌കൂട്ടർ സ്റ്റണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹാൻഡിലിൽ നിന്ന് കൈകൾ പൂർണമായും വിട്ട് സീറ്റിൽ ചമ്രംപടിഞ്ഞ് ഇരുന്നായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലാണ് സംഭവം. റോഡിൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലാണ് യാതൊരു കൂസലുമില്ലാതെ യുവാവ് അഭ്യാസം തുടർന്നത്. ഇലക്ട്രിക് സ്‌കൂട്ടറിലെ ക്രൂയിസ് കൺട്രോൾ സംവിധാനം ഓൺ ചെയ്ത ശേഷം ഒരേ വേഗതയിൽ സ്‌കൂട്ടർ മുന്നോട്ട് നീങ്ങുന്ന തരത്തിലാണ് രണ്ടു കൈയും വിട്ട് യുവാവ് യാത്ര തുടർന്നത്. കൂടാതെ സ്‌കൂട്ടറിൽ നമ്പർ പ്ലേറ്റും ദൃശ്യമായിരുന്നില്ല. ഹെൽമറ്റ് അടക്കമുള്ള യാതൊരു സുരക്ഷയും പാലിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ലക്നൗ പൊലീസിന്റെയും യുപി ട്രാഫിക് പൊലീസിന്റെയും ഒഫീഷ്യൽ അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ടായിരുന്നു പലരും പ്രതിഷേധം അറിയിച്ചത്. 'വണ്ടിക്ക് നമ്പറില്ല, സുരക്ഷയില്ല, ഒപ്പം കോമൺ സെൻസുമില്ല.കുറച്ചു ലൈക്കുകൾക്ക് വേണ്ടി സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് ഇയാൾ അപകടത്തിലാക്കുന്നത്. ലക്നൗ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ഇയാൾക്കെതിരെ നടപടിയെടുക്കണം' -ഒരാൾ കമന്റ് ചെയ്തു. 'റോഡ് സെൻസ് ഒട്ടുമില്ല. ചെറിയ കുഴിയോ പെട്ടെന്ന് ബ്രേക്ക് പിടിച്ചാലോ അതോടെ തീരും. ഇതൊക്കെ മറ്റുള്ളവർക്ക് പ്രചോദനമാകാതിരിക്കാൻ കടുത്ത നടപടി തന്നെ വേണം'. മറ്റൊരാൾ കുറിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് നിരന്തരം ബോധവൽക്കരണം നടത്തുമ്പോഴും, സോഷ്യൽ മീഡിയയിൽ റീൽസിന് റീച്ചുകൂട്ടാൻ വേണ്ടി ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സ്റ്റണ്ടുകൾ പൊതുയിടങ്ങളിൽ വർദ്ധിച്ചുവരുന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.