ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ വീണ്ടും വീഴ്ത്തി; ചരിത്ര നേട്ടവുമായി പ്രഗ്നാനന്ദ
ന്യൂഡൽഹി: വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസ താരം ആർ പ്രഗ്നാനന്ദ. ഓസ്‌ലോയിൽ നടക്കുന്ന നോർവേ ചെസ് 2026ന്റെ എട്ടാം റൗണ്ടിൽ ലോക നമ്പർ വൺ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതേ ടൂർണമെന്റിൽ നോർവീജിയൻ ഇതിഹാസ താരമായ കാൾസണെ രണ്ടാം തവണയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തുന്നത്. നേരത്തെ നാലാം റൗണ്ടിലും കാൾസണെ പ്രഗ് വീഴ‌്ത്തിയിരുന്നു.
നോർവേ ചെസ് 2024ലും 20കാരനായ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ കാൾസണെ പരാജയപ്പെടുത്തിയിരുന്നു. മാഗ്നനസ് കാൾസണെ മൂന്നുതവണ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്ത് ചുരുക്കം ചിലരിൽ ഒരാളുമാണ് പ്രഗ്നാനന്ദ. കറുത്ത കരുക്കൾ നീക്കിയാണ് അഞ്ചുതവണ ചാമ്പ്യൻ പട്ടം ചൂടിയ കാൾസണെ പ്രഗ് വീഴ്‌ത്തിയത്.
കാൾസണിനെതിരായ വിജയത്തിന് പിന്നാലെ 12 പോയിന്റോടെ മൂന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഇന്ത്യൻ താരം. 14 പോയിന്റോടെ ഫിലിപ്പിനോ താരം വെസ്‌ലി സോ ആണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസിന്റെ അലിറേസ ഫിറൗജയാണ് 13 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത്.
കാൾസണെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തോടെ നോർവേ ചെസ് ചാമ്പ്യൻ പട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് പ്രഗ്. കാൾസണെ പരാജയപ്പെടുത്തിയതിൽ സന്തോഷമുണ്ടെങ്കിലും ടൂർണമെന്റിലെ ഏതൊരു ഗെയിമിലെയും വിജയത്തിനാണ് പ്രാധാന്യമെന്ന് പ്രഗ്നാനന്ദ ചൂണ്ടിക്കാട്ടി.
Magnus walks his king into a forced checkmate and falls to a second classical loss against Praggnanandhaa in this tournament, his fourth loss overall!https://t.co/iPphAhoVcu#NorwayChess pic.twitter.com/EDVwXBhOLm
— chess24 (@chess24com) June 2, 2026