വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് : മുംബയ് ഇന്ത്യൻസിന് ഇന്ന് എലിമിനേറ്റർ
മുംബയ് ഇന്ത്യൻസ് Vs ഗുജറാത്ത് ജയന്റ്സ്
7.30 pm മുതൽ
സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും
മുംബയ് : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ ഫൈനലിൽ കളിക്കാനുള്ള യോഗ്യത തേടി മുംബയ് ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് എലിമിനേറ്റർ മത്സരത്തിനിറങ്ങും. പ്രാഥമിക ലീഗ് റൗണ്ടിലെ എട്ടുമത്സരങ്ങളിൽ 10 പോയിന്റാണ് ഡൽഹിക്കും മുംബയ്ക്കും ലഭിച്ചത്.എന്നാൽ മികച്ച റൺറേറ്റിന്റെ പരിഗണനയിൽ ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലേക്ക് കടക്കുകയായിരുന്നു. രണ്ടാം സ്ഥാനക്കാരായ മുംബയ്ക്ക് ഗുജറാത്തിനെ എലിമിനേറ്ററിൽ മറികടന്നാലേ ഫൈനലിലേക്ക് ബർത്ത് ലഭിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന അവസാന ലീഗ് മത്സരത്തിൽ ബെംഗളുരു റോയൽ ചലഞ്ചേഴ്സിനോട് 11 റൺസിന് തോറ്റതാണ് മുംബയ്‌യുടെ ഡയറക്ട് ഫൈനൽ എൻട്രി ഇല്ലാതാക്കിയത്. മുംബയ്‌യെ തോൽപ്പിച്ച ബെംഗളുരു നാലാം സ്ഥാനക്കാരായി പുറത്താവുകയും ചെയ്തു.എട്ടു പോയിന്റുമായാണ് ഗുജറാത്ത് മൂന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലാണ് മുംബയ് ഇന്ത്യൻസ് ഇറങ്ങുന്നത്. അമേലിയ ഖെർ,നാറ്റ്ഷകവർ ബ്രണ്ട്,ഹെയ്‌ലി മാത്യൂസ്,ഷബ്നിം ഇസ്മയിൽ തുടങ്ങിയ വിദേശതാരങ്ങളും സജന സജീവൻ, യഷ്തിക ഭാട്യ,അമൻജോത് കൗർ, കമാലിനി തുടങ്ങിയ ഇന്ത്യൻ താരങ്ങളും മുംബയ് ഇന്ത്യൻസ് ടീമിലുണ്ട്. ഓസ്ട്രേലിയൻ താരം ആഷ്‌ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയന്റ്സ് ടീമിൽ ബേത്ത് മൂണി,ഹർലീൻ ഡിയോൾ,ഫോബീ ലിച്ച് ഫീൽഡ്,ദിയേന്ദ്ര ഡോട്ടിൻ,ഭാരതി തുടങ്ങിയവരാണുള്ളത്.