പഞ്ചാബ് കിംഗ്‌സിന് എന്തുകൊണ്ട് ഈ സീസൺ ഐപിഎല്ലിൽ വിജയിക്കാൻ കഴിഞ്ഞില്ല? അഭിപ്രായം വ്യക്തമാക്കി സച്ചിൻ

Wednesday 03 June 2026 7:56 PM IST

മൊഹാലി: ഐപിഎൽ 2026 സീസണിൽ ആദ്യ പകുതിവരെ കണ്ടവർക്ക് ആര് ചാമ്പ്യനാകും എന്ന കാര്യത്തിൽ സംശയമുണ്ടാകില്ല. ശ്രേയസ് അയ്യർ ക്യാപ്റ്റനായ പഞ്ചാബ് കിംഗ്സ് ആയിരുന്നു ആദ്യ പകുതിയിലെ കേമൻമാർ. എന്നാൽ അവസാന ഘട്ടമായപ്പോഴേക്കും ഗംഭീരപ്രകടനം വഴി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു തുടർച്ചയായി രണ്ടാംവട്ടവും ഐപിഎൽ ചാമ്പ്യന്മാരായി. ഏഴ് മത്സരങ്ങൾ തുടർച്ചയായി ജയിച്ച് പഞ്ചാബ് 13 പോയിന്റുകൾ ആദ്യം നേടി. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ആറിലും തോറ്റു. പ്‌ളേ‌ഓഫ് സാദ്ധ്യത വന്നപ്പോൾ രാജസ്ഥാൻ റോയൽസ് നാലാമതായി യോഗ്യത നേടുകയും പഞ്ചാബ് പുറത്താകുകയും ചെയ്‌തു.

ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് വിജയിയായ ക്യാപ്റ്റനായ ഓസീസ് താരം റിക്കി പോണ്ടിംഗിന്റെ കോച്ചിംഗിൽ ഗംഭീര തുടക്കം കിട്ടിയിട്ടും പഞ്ചാബിന് അത് തുടരാനാകാത്തത് എന്താകും? ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ. 'ടൂർണമെന്റിൽ അത്ഭുതകരമായ ഊർജം കൊണ്ടുവന്നവരാണ് പഞ്ചാബ് കിംഗ്സ്. ധീരവും പോസിറ്റീവായതും പലപ്പോഴും കളിയുടെ ഗതിയെ മാറ്റിമറിക്കുന്നതുമായിരുന്നു അവരുടെ പ്രകടനം. ദൈർഘ്യമേറിയ കാലത്തേക്കുള്ള ഒരു ടൂർണമെന്റിൽ മേൽക്കൈ നേടുക എന്നത് പ്രധാനമാണ്. പഞ്ചാബ് ടൂർണമെന്റിന്റെ ആദ്യപകുതിയിൽ പ്രകടനത്തിലും രണ്ടാം പകുതിയിൽ മത്സരഫലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.'- സച്ചിൻ റെഡിറ്റിൽ കുറിച്ചു.

അതേസമയം ഗുജറാത്ത് ടൈറ്റൻസിനെ സച്ചിൻ വാനോളം പ്രശംസിച്ചു. 'ഒരു സീസണിലുടനീളം ശ്രദ്ധേയമായ, സ്ഥിരതയാർന്ന പ്രകടനം നടത്താനുള്ള അവരുടെ കഴിവാണ് ഗുജറാത്ത് ടൈറ്റൻസിനെ വേറിട്ടതാക്കുന്നത്. ഐപിഎല്ലിന്റെ സ്വഭാവം അസ്ഥിരതയാണ്. ടീമുകൾക്ക്‌ മത്സരഫലങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴും ജിടി (ഗുജറാത്ത്) അതിൽനിന്നും ഏറെ അകലെയാണ്. ഐപിഎൽ മത്സരങ്ങളിലെ അസ്ഥിരതയെ നിയന്ത്രിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.' - സച്ചിൻ പറഞ്ഞു. കഴിഞ്ഞ സീസൺ ഐപിഎല്ലിനെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ മത്സരാരംഭസമയത്തെ വച്ച് ഫലം എങ്ങനെവരുന്നു എന്നത് അപൂർവമായേ നിർവചിക്കാൻ സാധിച്ചിട്ടുള്ളുവെന്ന് പറഞ്ഞ അദ്ദേഹം സീസണിൽ ഒന്നിലധികം തവണ മത്സര ടേബിളുകൾ പറഞ്ഞത് വ്യത്യസ്‌തമായ കഥയാണെന്നും വ്യക്തമാക്കി. ടീമുകൾ ക്രമീകരിക്കപ്പെട്ടു, കളിക്കാർ മെച്ചപ്പെട്ടു, ഗെയിം നിരന്തരമായ പരിണാമം ആവശ്യപ്പെട്ടു. ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.