അയത്തുള്ള അലി ഖമനേയിക്ക് ഖബറടക്കം പ്രഖ്യാപിച്ചു; വൻവിലാപയാത്രയ്‌ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ

Wednesday 03 June 2026 8:03 AM IST

ടെഹ്‌റാൻ: ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിക്കായി മൂന്ന് ദിവസത്തെ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ. ഒന്നിലധികം നഗരങ്ങളിലായി നടക്കുന്ന അനുസ്മരണ പരിപാടികളുടെ ഔദ്യോഗിക ക്രമീകരണങ്ങൾ ടെഹ്‌റാൻ ഡെപ്യൂട്ടി മേയർ മുഹമ്മദ് അമിൻ തവക്കോളി-സാദെ വിശദീകരിച്ചു. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി പ്രമുഖ നഗര കേന്ദ്രങ്ങളിലും ക്വോം, മഷ്ഹാദ് എന്നീ മത കേന്ദ്രങ്ങളിലും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം അനുസ്‌മരണ പരിപാടികൾ നടക്കുമെന്നാണ് പ്രഖ്യാപനം.

രാജ്യം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നാകും ഇത്. ആത്മീയ നേതാവായിരുന്ന ഖമനേയിയുടെ അനുസ്‌മരണപരിപാടികളിൽ പങ്കെടുക്കാൻ രണ്ടുകോടിയോളം ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലാപയാത്രയുടെ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഷിയാ വിഭാഗത്തിന് പ്രാധാന്യമേറിയ മുഹറത്തോടനുബന്ധിച്ചാകും ചടങ്ങുകൾ. അങ്ങനെയങ്കിൽ ഈ മാസം പകുതിയോടെ തന്നെ വിലാപയാത്ര നടക്കും. 2026 ഫെബ്രുവരി 28നാണ്‌ അയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടത്. സംഭവം നടന്ന്‌ മൂന്നുമാസം പിന്നിടുമ്പോഴാണ് വിലാപയാത്രയ്‌ക്കായി ഇറാൻ ഒരുക്കങ്ങൾ കൂട്ടുന്നത്. വധിക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യത്തിൽ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട നേതാക്കളുടെ ഖബറിടങ്ങളിൽ പോലും ആക്രമണം നടന്നിട്ടുള്ള സംഭവങ്ങൾ മുന്നിലുണ്ട്. അതിനാൽ ഖമേനിയയുടെ ഖബറടക്കുന്ന സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. മഷ്‌ഹദയിലായിരിക്കും ഖബറടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായി സമാധാന ചർച്ചകൾ പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ അനുകൂലമായ സാഹചര്യം മുന്നിൽകണ്ടാണ് വിലാപയാത്രയ്‌ക്ക് ഒരുക്കങ്ങൾ നടക്കുന്നതെന്നാണ് വിവരം.