ഫ്ലൈറ്റ് അറ്റൻഡന്റിനെ യാത്രക്കാരൻ കടിച്ചു; പിന്നാലെ സഹയാത്രികർ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി, വിമാനം വഴിതിരിച്ച് വിട്ടു

Sunday 17 May 2026 11:56 AM IST

മെൽബൺ: ആകാശമദ്ധ്യേ യാത്രക്കാരൻ ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കടിച്ച് പരിക്കൽപ്പിച്ചു. ഓസ്‌ട്രേലിയൻ എയർലൈനായ ക്വാന്റാസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നും അമേരിക്കയിലെ ഡാല്ലസിലേക്ക് പോവുകയായിരുന്ന വിമാനം യാത്രക്കാരന്റെ അതിക്രമത്തെ തുടർന്ന് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിനുള്ളിൽ വച്ച് യാത്രക്കാരൻ അക്രമാസക്തനായതോടെ ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപീറ്റിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

നിയന്ത്രണം വിട്ട് പെരുമാറിയ യാത്രക്കാരനെ സഹയാത്രികർ ചേർന്നാണ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയത്. ഇതിനിടയിലാണ് ഇയാൾ എയർലൈൻസിലെ ഒരു ജീവനക്കാരനെ കടിച്ചു പരിക്കേൽപ്പിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ക്വാന്റാസിന്റെ എല്ലാ വിമാനങ്ങളിലും ഇയാൾക്ക് ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തിയതായും എയർലൈൻ അധികൃതർ അറിയിച്ചു.