'മൂന്നുവർഷത്തിനിടെ പീഡിപ്പിച്ചത് അറുന്നൂറോളം പുരുഷന്മാർ'; തെളിവുകൾ നിരത്തി ബ്രിട്ടീഷ് എംപി

Tuesday 02 June 2026 5:27 PM IST

ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ രാജ്യത്ത് സംഘടിതമായി നടക്കുന്ന ലൈംഗിക പീഡനങ്ങൾക്കെതിരെ ബ്രിട്ടീഷ് എംപി റൂപർട്ട് ലോവ് നടത്തിയ പ്രസംഗം ചർച്ചയാകുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരിൽ കൂടുതൽ പേരും ടാക്‌സി ഡ്രൈവർമാരും പാകിസ്ഥാനികളുമാണെന്ന് റൂപർട്ട് ലോവ് പറഞ്ഞു. ലൈംഗിക പീഡനകേസുകളിലെ അതിജീവിതമാരുടെ വ്യക്തമായ സാക്ഷ്യപത്രങ്ങൾ വായിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിമായി നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിനോട് ആവശ്യപ്പെട്ടു.

പീഡനത്തിന്റെ തീവ്രത, കുട്ടികളിലെ ഗർഭധാരണം, ഭീഷണിപ്പെടുത്തൽ, പൊലീസിന്റെ ദുഷ്‌പെരുമാറ്റം തുടങ്ങിയവ സാക്ഷ്യപത്രങ്ങളിൽ വിവരിക്കുന്നുണ്ട്. മൂന്നുവർഷത്തിനുള്ളിൽ അറുന്നൂറോളം പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ പ്രസ്‌‌താവനയും എംപി പാർലമെന്റിൽ വായിച്ചു. കുട്ടികൾ നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് താൻ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം യുകെയിലുടനീളം കുറഞ്ഞത് 85 പ്രദേശങ്ങളിലെങ്കിലും സംഘടിത ലൈംഗിക ചൂഷണങ്ങൾക്ക് കുട്ടികൾ ഇരയാകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സ്വകാര്യ അന്വേഷണത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. പാകിസ്ഥാൻ പുരുഷന്മാർ ഉൾപ്പെടുന്ന പീഡനസംഭവങ്ങൾ രാജ്യത്ത് വ്യാപകമാണെന്നും അതിന്റെ തീവ്രത ചിന്തിക്കുന്നതിനെക്കാൾ ഭീകരമാണെന്നും ലോവ് നേരത്തെ പ്രസ്‌താവന നടത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.