ഇറാൻ വെടിനിറുത്തൽ നീട്ടിയേക്കും: ട്രംപിന്റെ അനുമതി കാത്ത് ഇടക്കാല കരാർ

Saturday 30 May 2026 7:29 AM IST

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ,​ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതി കാത്ത് ഇടക്കാല കരാർ. വെടിനിറുത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതാണ് കരാർ. കരാറിന്റെ വ്യവസ്ഥകളിൽ യു.എസ്,​ ഇറാൻ ഉദ്യോഗസ്ഥർ സമവായത്തിലെത്തിയിരുന്നു. എന്നാൽ ട്രംപ് ഇതുവരെ അനുമതി നൽകാത്തതിനാൽ കരാർ പ്രാബല്യത്തിൽ വരുന്നത് വൈകുകയാണ്. വിശദാംശങ്ങൾ ട്രംപ് പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് ഇറാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി അറിയിച്ചെന്ന് യു.എസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ,​ ഇറാൻ ഭരണകൂടം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരാറിന് ധാരണയായെന്ന് ഇറാൻ ദേശീയ മാദ്ധ്യമങ്ങളും സമ്മതിച്ചിട്ടില്ല.

# 30 ദിവസത്തിനുള്ളിൽ

ഹോർമുസ് തുറക്കും

 കരാറിൽ ഒപ്പിട്ടാൽ ആദ്യ 30 ദിവസത്തിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണം. കപ്പലുകളിൽ നിന്ന് പണം പിരിക്കാൻ പാടില്ല

 ഹോർമുസിലെ ഗതാഗതം സാധാരണനിലയിൽ ആകുന്നതനുസരിച്ച് ഇറാന് മേലുള്ള നാവിക ഉപരോധം യു.എസ് നീക്കും

 ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നത് സംബന്ധിച്ച് 60 ദിവസത്തിനുള്ളിൽ ധാരണയിലെത്തണം. യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ ഉടമ്പടിയിലെത്തണം

# ട്രംപിന്റെ ഭീഷണി,​

ഞെട്ടി ഒമാൻ

ട്രംപിന്റെ ആക്രമണ ഭീഷണിയിൽ ഞെട്ടി മദ്ധ്യസ്ഥ രാജ്യമായ ഒമാൻ. ഹോർമുസിനെ നിയന്ത്രിക്കാനോ അവിടെ പണം പിരിക്കാനോ ഇറാനെ സഹായിച്ചാൽ ഒമാനെ സൈനികമായും സാമ്പത്തികമായും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് അന്താരാഷ്ട്ര പാതയാണെന്നും ആർക്കും നിയന്ത്രിക്കാൻ അധികാരമില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമുസിൽ ടോൾ സംവിധാനം സ്ഥാപിക്കാൻ ഇറാൻ ഒമാനുമായി ചർച്ച നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. റിപ്പോർട്ടുകൾ ഒമാൻ തള്ളി. പശ്ചിമേഷ്യയിലെ യു.എസിന്റെ ദീർഘകാല പങ്കാളിയാണ് ഒമാൻ.