സ്ത്രീയുടെ ജീവനെടുത്ത് കുട !

Saturday 30 May 2026 7:42 AM IST

ന്യൂയോർക്ക്: യു.എസിലെ സൗത്ത് കാരലൈനയിൽ സ്ത്രീയുടെ ജീവനെടുത്ത് കുട !. കഴിഞ്ഞ 23ന് രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്. സമ്മർടൺ നഗരത്തിൽ മാരിയൺ തടാകക്കരയിലെ ഔട്ട്‌ഡോർ റെസ്‌റ്റോറന്റിൽ ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഡാന വെയ്ൻഗർ (56) എന്ന സ്ത്രീയാണ് മരിച്ചത്.

ശക്തമായ കാറ്റിനിടെ ടേബിളിന് മുകളിൽ സ്ഥാപിച്ചിരുന്ന ഭീമൻ കുട മറിഞ്ഞ് ഡാനയുടെ തലയിലും കഴുത്തിലും ഇടിച്ചു വീഴുകയായിരുന്നു. ഡാനയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടായി. ഇടിയുടെ ആഘാതത്തിൽ ഡാനയുടെ കഴുത്തിലെ കരോട്ടിഡ് ആർട്ടറി മുറിഞ്ഞു (കഴുത്തിന്റെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന രക്തധമനികൾ. ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കും മുഖത്തേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കുന്നു). ബോധരഹിതയായ ഡാനയ്ക്ക് സംഭവ സ്ഥലത്ത് വച്ചുതന്നെ അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2022 ആഗസ്റ്റിൽ സൗത്ത് കാരലൈനയിൽ തന്നെ സമാന അപകടത്തിൽ 63കാരി കൊല്ലപ്പെട്ടിരുന്നു. ഗാർഡൻ സിറ്റിയിലെ ബീച്ചിൽ സ്ഥാപിച്ചിരുന്ന ഭീമൻ കുട ശക്തമായ കാറ്റിൽ ഇളകുകയും അതിന്റെ കൂർത്ത അഗ്രം സ്ത്രീയുടെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു.