ലാവോസിലെ ഗുഹയിൽ കുടുങ്ങിയ ഒരാളെ പുറത്തെത്തിച്ചു  രക്ഷാദൗത്യം തുടരുന്നു

Saturday 30 May 2026 7:42 AM IST

വിയന്റിയൻ: ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയിൽ അകപ്പെട്ട ഖനി തൊഴിലാളികളിൽ ഒരാളെ ഇന്നലെ രാത്രി പുറത്തെത്തിച്ചു. ബുധനാഴ്ചയാണ് ഇയാൾ അടക്കം അഞ്ച് പേരെ ഗുഹാ മുഖത്ത് നിന്ന് നൂറിലധികം മീറ്റർ ഉള്ളിലായി രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഗുഹയ്ക്കുള്ളിൽ വായു സഞ്ചാരമുള്ള ഇടത്ത് തുടരുന്ന നാല് പേരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. അതേ സമയം, രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 20ന് ​​സ്വ​ർ​ണ​ ​നി​ക്ഷേ​പം​ ​തെ​ര​യാനാണ് ഗ്രാമീണരായ ഇവർ ഇടുങ്ങിയ​ ഗുഹയ്ക്കുള്ളിലേക്ക് കടന്നത്. ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​തോ​ടെ​ ​ഗു​ഹാ​മു​ഖം​ ​അ​ട​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. അന്താരാഷ്ട്ര മുങ്ങൽ വിദഗ്‌ദർ അടങ്ങുന്ന ടീം രക്ഷാദൗത്യത്തിന് രംഗത്തുണ്ട്. ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളഞ്ഞും ചെളിയും കല്ലും പുറത്തേക്ക് നീക്കിയുമാണ് രക്ഷാപ്രവർത്തനം.