സെപൊറീഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം
Sunday 31 May 2026 7:47 AM IST
മോസ്‌കോ: യുക്രെയിനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം. യുക്രെയിന്റെ ഡ്രോൺ ഇന്നലെ ഉച്ചയ്ക്ക് നിലയത്തിൽ പതിച്ചെന്ന് റഷ്യൻ ആണവോർജ്ജ ഏജൻസിയായ റൊസാറ്റം അവകാശപ്പെട്ടു. നിലയത്തിലെ പ്രധാന ഘടകങ്ങൾക്ക് കേടുപാടില്ലെന്നും എന്നാൽ ടർബൈൻ ഹാളിന്റെ ഭിത്തിയിൽ ദ്വാരമുണ്ടായെന്നും റൊസാറ്റം പറഞ്ഞു. യുക്രെയിൻ പ്രതികരിച്ചിട്ടില്ല.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യയെ 2022 മാർച്ചിലാണ് റഷ്യ പിടിച്ചെടുത്തത്. ഇതിന് മുമ്പും നിലയത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഗുരുതര കേടുപാടോ റേഡിയേഷൻ ചോർച്ചയോ സംഭവിച്ചിട്ടില്ല. നിലയത്തിന്റെ സുരക്ഷയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) ആശങ്ക രേഖപ്പെടുത്തിയിരുന്നു.