ലാവോസ് ഗുഹയിലെ അപകടം: നാല് പേരെ കൂടി രക്ഷിച്ചു

Sunday 31 May 2026 7:47 AM IST

വിയന്റിയൻ: ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയിൽ അകപ്പെട്ട നാല് ഖനി തൊഴിലാളികളെ കൂടി സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതോടെ പ്രളയ ജലത്തിൽ മുങ്ങിയ ഗുഹയിൽ നിന്ന് സാഹസികമായി രക്ഷപെടുത്തിയവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ചയാണ് ഇവരെ ഗുഹാ മുഖത്ത് നിന്ന് നൂറിലധികം മീറ്റർ ഉള്ളിലായി രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അതേ സമയം, ഇവരുടെ സംഘത്തിൽപ്പെട്ട മറ്റ് രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി ഗുഹയ്ക്കുള്ളിൽ ആഴത്തിൽ തെരച്ചിൽ തുടരുന്നുണ്ട്. കഴിഞ്ഞ 20നാണ് ​​സ്വ​ർ​ണ​ ​നി​ക്ഷേ​പം​ ​തെ​ര​യാനായി ഗ്രാമീണരായ ഇവർ​ ഗുഹയ്ക്കുള്ളിലേക്ക് കടന്നത്. ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​തോ​ടെ​ ​ഇടുങ്ങിയ ഗു​ഹാ​മു​ഖം​ ​അ​ട​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. നിലവിൽ രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലെ വെള്ളം പമ്പുചെയ്ത് മാറ്റുന്നത് തുടരുകയാണ്.