യുക്രെയിനിൽ റഷ്യയുടെ മിസൈൽവർഷം: 22 മരണം 100 ലധികം പേർക്ക് പരിക്ക് തൊടുത്തത് 700ലധികം മിസൈലുകളും ഡ്രോണുകളും

Wednesday 03 June 2026 12:19 AM IST

കീവ്: യുക്രെയിനിൽ വൻതോതിൽ ഡ്രോൺ-മിസൈൽ വർഷിച്ച് റഷ്യ. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു. 100ലധികം പേർക്ക് പരിക്കേറ്റു. റഷ്യ വലിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്.

ഇന്നലെ പുലർച്ചെയോടെ 700ലധികം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ തൊടുത്തതെന്നും ഇതിൽ 642 വെടിവച്ചിട്ടെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കീവ്, മദ്ധ്യനഗരമായ ഡിനിപ്രോ, കിഴക്കൻ നഗരങ്ങളായ പൊൾട്ടാവ, ഖാർകീവ്, സപ്പോറീഷ്യ എന്നിവയായിരുന്നു റലക്ഷ്യങ്ങൾ. കീവിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായി. ഇവിടെ നാല് പേർ കൊല്ലപ്പെടുകയും 51 പേർക്ക് പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തെക്കുകിഴക്കൻ നഗരമായ സാപ്പോറീഷ്യയിലെ ഒരു വ്യവസായശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. എന്നാൽ ഇവിടെ നാശനഷ്ടങ്ങളോ ആളപായമോയില്ല. അതേസമയം,നഗരത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതിനാൽ ജനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടെ 41,000-ത്തിലധികം പേർ ഭൂഗർഭ അറയിൽ അഭയം തേടി.

യുക്രെയിനിന്റെ സൈനിക-വ്യവസായ സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്.