പൂക്കൾ വിരിയുന്ന വീടുകൾ !
വാഴ്സോ: പുകക്കറകൾ മറയ്ക്കാൻ ഒരു വീട്ടമ്മ തുടങ്ങിയ പരീക്ഷണം ഇന്ന് ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിരിക്കുകയാണ്. തെക്ക്-കിഴക്കൻ പോളണ്ടിലെ 'സാലിപ്പി' (Zalipie) എന്ന കൊച്ചുഗ്രാമമാണ് വീടുകളിലും തെരുവുകളിലും പൂക്കളുടെ വസന്തമൊരുക്കി വിസ്മയമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വീടുകൾക്കുള്ളിലെ പരമ്പരാഗത അടുപ്പുകളിൽ നിന്നുള്ള കരിപുരണ്ട ചുവരുകൾ വൃത്തിയാക്കാൻ ഒരു സ്ത്രീ ചുവരുകളിൽ ചായം പൂശി ചെറിയ പൂക്കൾ വരച്ചു ചേർത്തു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് ഗ്രാമീണ വനിതകളും ഈ ശൈലി പിന്തുടരുകയായിരുന്നു. പശുവിന്റെ രോമം കൊണ്ട് ബ്രഷുകളുണ്ടാക്കിയും പ്രകൃതിദത്ത നിറങ്ങൾ ചേർത്തും അവർ തങ്ങളുടെ തടി വീടുകളെ പൂന്തോട്ടങ്ങളാക്കി മാറ്റി. ഈ കലാരൂപത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ഫെലിച്യ സുറിലോവ (1904-1974) എന്ന പ്രശസ്ത ചിത്രകാരിയാണ്. പത്താം വയസിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീടിന്റെ മേൽക്കൂരയിൽ കരിയും ചുണ്ണാമ്പും ഉപയോഗിച്ച് പൂക്കൾ വരച്ചായിരുന്നു ഫെലിച്യയുടെ തുടക്കം. പിന്നീട് പോളണ്ടിലെ പ്രശസ്തമായ ഒരു മൺപാത്ര നിർമ്മാണ കമ്പനിയിൽ ഡിസൈനറായ അവർ ഗ്രാമത്തിലെ മറ്റ് സ്ത്രീകൾക്കും ഈ വിദ്യ പകർന്നു നൽകി. ഇന്ന് ഫെലിച്യയുടെ വീട് ഒരു മ്യൂസിയമായി നിലനിറുത്തിയിട്ടുണ്ട്. അവരുടെ കൊച്ചുമകളുമായ വാണ്ട റാസിയ ആണ് നിലവിൽ ഇതിന്റെ ക്യൂറേറ്റർ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യത്തിന്റെ പുനരുജ്ജീവനത്തിനായി 1948ൽ പോളിഷ് സർക്കാർ 'മലോവാന ചാറ്റ' (പെയിന്റഡ് കോട്ടേജ്) എന്ന പേരിൽ ഒരു ചിത്രരചനാ മത്സരം ആരംഭിച്ചു. ഇന്നും എല്ലാ വർഷവും കോർപ്പസ് ക്രിസ്റ്റി ഉത്സവത്തോടനുബന്ധിച്ച് ഈ മത്സരം നടക്കാറുണ്ട്. ഇപ്പോൾ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നുണ്ട്. വീടുകളുടെ മുൻഭാഗം, ജനലുകൾ, കസേരകൾ, കിണറുകൾ, പാലങ്ങൾ, ചായപ്പാത്രങ്ങൾ തുടങ്ങി ഗ്രാമത്തിലെ സെന്റ് ജോസഫ് ചർച്ച് വരെ ഇന്ന് വർണ്ണാഭമായ പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. സന്ദർശകരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഗ്രാമീണർ തങ്ങളുടെ വീടുകളിലേക്ക് അവരെ ക്ഷണിക്കാറുമുണ്ട്. ഈ ഗ്രാമത്തിന്റെ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് ക്രാക്കോവിലെ എത്‌നോഗ്രാഫിക് മ്യൂസിയത്തിൽ സാലിപ്പിയുടെ കലകൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.