കിംചി ക്ഷാമം ചെറുക്കാൻ ദക്ഷിണ കൊറിയ
സോൾ : ദക്ഷിണ കൊറിയക്കാർക്ക് ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് കിംചി. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്. നമ്മുടെ നാട്ടിലെ അച്ചാറുകളെ പോലെ പ്രധാന ഭക്ഷണങ്ങൾക്കൊപ്പവും അല്ലാതെയുമൊക്കെ ഇവ ഉപയോഗിക്കുന്നു.
വേനൽക്കാലം ഉടൻ എത്തുന്ന പശ്ചാത്തലത്തിൽ കാബേജ്, റാഡിഷ് തുടങ്ങി കിംചിയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. ഇവയുടെ ഇറക്കുമതി ഗണ്യമായി ഉയർത്തിയെന്ന് കാർഷിക മന്ത്രാലയം പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മുൻ വർഷങ്ങളിലെ വേനൽക്കാലത്ത് (ജൂൺ മുതൽ ആഗസ്റ്റ് വരെ) രാജ്യം കാബേജ് ക്ഷാമം നേരിട്ടിരുന്നു. കാബേജിന്റെ വില കുതിച്ചുയർന്നിരുന്നു. പ്രതിസന്ധിയിലായ കിംചി നിർമ്മാതാക്കളാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്താനും നിർബന്ധിതരായി. കാബേജിന് ക്ഷാമമില്ലാത്ത ചൈനയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കിംചിയുമായി ചൈനീസ് കമ്പനികൾ കമ്പോളത്തിൽ നിറഞ്ഞത് ആഭ്യന്തര ഉത്പാദകർക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ കിംചി ഉത്പാദനം താഴ്ന്ന് വരുന്നതായാണ് കണക്ക്. കൊറിയൻ കിംചിയുടെ മൂന്നിലൊന്ന് വിലയുള്ള ചൈനീസ് കമ്പനികളുടെ കിംചികൾ പ്രാദേശിക വിപണിയുടെ 40 ശതമാനത്തോളം കൈയ്യടക്കി. ഇക്കാരണങ്ങളാൽ പല ദക്ഷിണ കൊറിയൻ കമ്പനികൾക്കും കിംചികളുടെ ഉത്പാദനം നിറുത്തിവയ്ക്കുകയോ ഉപേക്ഷിക്കേണ്ടിയോ വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.