വിവാഹ മോചനം വേണമെന്ന് ഭാര്യ: വീട് തകർത്ത് ഭർത്താവ്

Thursday 04 June 2026 7:50 AM IST

ന്യൂയോർക്ക്: യു.എസിൽ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതിന്റെ പേരിൽ സ്വന്തം വീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച പെൻസിൽവേനിയയിലായിരുന്നു സംഭവം. എറിക് പ്യേർഫ്‌ഷാ (48) എന്നയാളാണ് ഭാര്യയും രണ്ട് പെൺമക്കളും വീടിനുള്ളിലുണ്ടായിരുന്ന സമയം, വീട് ഇടിച്ചുനികത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ എറികിനോടൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് ഭാര്യ പറഞ്ഞ പിന്നാലെയായിരുന്നു സാഹസം. നിർമ്മാണ, ലാൻഡ്‌സ്‌കേപ്പിംഗ് മേഖലയിൽ ബിസിനസ് നടത്തിയിരുന്നതിനാൽ വീടിന്റെ പരിസരത്ത് തന്നെ തന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തിയന്ത്രം എറിക് പാർക്ക് ചെയ്തിരുന്നു. ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി എറികിനെ പിടികൂടുകയായിരുന്നു. വീട് ഭാഗികമായി തകർന്നെങ്കിലും എറികിന്റെ ഭാര്യയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.