ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് മുനിസിപ്പൽ അംഗങ്ങൾക്കെതിരെ കേസ്

Sunday 11 February 2024 3:28 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർ‌പേഴ്‌സണും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർക്കുമെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. മുനിസിപ്പൽ കൗൺസിൽ ചെയർ‌പേഴ്‌സൺ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെയാണ് കേസ്.

അങ്കണവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതികൾ തന്നെയും മറ്റ് ഇരുപതോളം സ്ത്രീകളെയും തൊഴിൽ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് പാലി ജില്ലയിലെ സ്ത്രീ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ ചോദിച്ചെന്നും പരാതിയിൽ പറയുന്നു.

അങ്കണവാടി ജോലിക്കായി മാസങ്ങൾക്ക് മുൻപാണ് പരാതിക്കാരിയും മറ്റ് സ്ത്രീകളും സിരോഹിയിൽ എത്തിയത്. പ്രതികളാണ് ഇവിടെ ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. സ്ത്രീകൾക്ക് വിളമ്പിയ ഭക്ഷണത്തിൽ മയക്കുമരുന്ന് അടങ്ങിയിരുന്നതായും ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നുമാണ് ആരോപണം. സംഭവത്തിൽ മുൻപ് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഇത് തെറ്റായ പരാതിയാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. തുടർന്നാണ് എട്ട് സ്ത്രീകൾ രാജസ്ഥാൻ ഹെെക്കോടതിയിൽ ഹർജി നൽകിയത്. പിന്നാലെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.