11 മാസമായി സെയിൽസ്‌ വുമൺ; ജുവലറിയിൽ നിന്നും മോഷ്‌ടിച്ചത് 1.66 കോടിയുടെ ആഭരണങ്ങൾ

Thursday 14 May 2026 10:14 AM IST

അഹമ്മദാബാദ്: ജുവലറിയിൽ നിന്നും 1.66 കോടി വിലവരുന്ന സ്വ‌ർണാഭരണങ്ങൾ മോഷ്‌ടിച്ച വനിതാജീവനക്കാരിക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ 11 മാസമായി ജുവലറിയിൽ സെയിൽസ് വുമണായി ജോലി ചെയ്‌തിരുന്ന ഹർഷിത ഷെട്ടിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

ജുവലറിയിലെ ഡിസ്‌പ്ലേ ട്രേയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് യുവതി മോഷ്‌ടിച്ചത്. ഇവ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചാണ് പുറത്തുകടത്തിയത്. പിന്നീട് കടയിലേക്കെത്തിയ കസ്റ്റമറിന് ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതിനിടെ ഡിസ്‌പ്ലേ ട്രേയിൽ സൂക്ഷിച്ചിരുന്ന സ്വ‌ർണ ബ്രേസ്‌ലെറ്റ് കാണാതായതോടെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ആഭരണങ്ങൾ നഷ്‌ടമായതായി കണ്ടെത്തിയത്.

തിങ്കളാഴ്‌ച വൈകുന്നേരമാണ് മോഷ്‌ടിച്ച ആഭരണങ്ങളുമായി യുവതി പുറത്തേക്ക് പോയത്. ഷോറൂം ഉടമ അടിയന്തര അവധി അനുവദിച്ചതായി സഹപ്രവർത്തകരെ ധരിപ്പിച്ച ശേഷമാണ് യുവതി പുറത്തുകടന്നത്. എന്നാൽ തന്റെ അനുമതിയില്ലാതെയാണ് ഹർഷിത പുറത്തുകടന്നതെന്ന് മനസിലാക്കിയ ഉടമ ദർശൻഭായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

ദൃശ്യങ്ങളിൽ കൗണ്ടറിന് പിന്നിലെ ഷെൽഫുകളിൽ നിന്ന് ആഭരണങ്ങളെടുത്ത് വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്നതും പിന്നീട് സ്റ്റോറൂമിൽ നിന്ന് ബാഗെടുത്ത് പുറത്തേക്ക് പോകുന്നതും വ്യക്തമാണെന്ന് പൊലീസ് പറയുന്നു. സ്റ്റോക്കിൽ നടത്തിയ പരിശോധനയിൽ സ്വർണച്ചെയിനുകൾ, മോതിരങ്ങൾ, മംഗല്യസൂത്രങ്ങൾ, ലോക്കറ്റുകൾ, കമ്മലുകൾ, വാച്ചുകൾ തുടങ്ങി 1.66 കോടി രൂപയുടെ ആഭരണങ്ങൾ കാണാതായതായി കണ്ടെത്തി. യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.