ഡൽഹിയിൽ വീണ്ടും ക്രൂരത; ഓടിക്കൊണ്ടിരുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ യുവതി കൂട്ടബലാംത്സംഗത്തിന് ഇരയായി. ബസ് കണ്ടക്‌ടറും ഡ്രൈവറുമാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി ഡൽഹിയിലെ റാണി ബാഗ് പ്രദേശത്തുവച്ചാണ് 30കാരിക്കെതിരെ അതിക്രമം നടന്നത്. പിതാംപുരയിലെ ചേരിപ്രദേശത്തു താമസിക്കുന്ന യുവതി മംഗോൽപുരയിലെ ഫാക്‌ടറിയിൽ ദിവസവേതനതൊഴിലാളിയാണ്. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി സരസ്വതിവിഹാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഇവിടേയ്‌ക്കെത്തിയ പ്രതികൾ യുവതിയെ ബലമായി ബസിനുള്ളിലേക്ക് വലിച്ചുകയറ്റിയെന്നാണ് പരാതി. യുവതിക്ക് വൈദ്യശുശ്രൂഷ ഉറപ്പുവരുത്തിയെന്നും ബലാംത്സംഗം നടന്നതിന്റെ ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവസമയത്ത് ബസിനുള്ളിൽ മൂന്ന് പേർ ഉണ്ടായിരുന്നെന്നും അതിൽ രണ്ടുപേരാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി മൊഴി നൽകി. തട്ടികൊണ്ടുപോകൽ, ബലാംത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.