അശ്ലീല ആംഗ്യം ചോദ്യം ചെയ്‌തതിന് യുവതികളെ സംഘം ചേർന്ന് മർദിച്ചു; കാഴ്‌ചക്കാരായി കൂടിനിന്നവർ
ന്യൂഡൽഹി: അശ്ലീലപരാമർശങ്ങൾ നടത്തിയത് ചോദ്യം ചെയ്‌ത യുവതികളെ സംഘംചേർന്ന് മർദിച്ചതായി പരാതി. ഡൽഹിയിലെ നെഹ്‌റു പ്ലേസിനുസമീപം ചായകുടിക്കാനെത്തിയ രണ്ട് യുവതികളാണ് ആക്രമണത്തിന് ഇരയായത്. അസം, ബീഹാർ സ്വദേശികളായ ഇവർക്കെതിരെ വംശീയാതിക്രമം നടന്നതായും പരാതിയിൽ പറയുന്നു.
ഞായറാഴ്‌ച പുലർച്ചെ ഏഴുമണിയോടെയായിരുന്നു സംഭവം. ചായകുടിച്ചുകൊണ്ടിരുന്ന യുവതികൾക്കുനേരെ അതുവഴിസഞ്ചരിച്ച ചില യുവാക്കൾ അശ്ലീല പരാമർശങ്ങൾ നടത്തുകയും പരിഹസിക്കുകയും ചെയ്‌തു. യുവതികൾ ഇതിനെതിരെ പ്രതികരിച്ചത് അക്രമികളെ പ്രകോപിപ്പിച്ചു. ഇതോടെ കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവന്ന് യുവതികളെ ആക്രമിക്കാൻ തുടങ്ങി.
'മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌ത ശേഷം ഞങ്ങൾ അകലേക്ക് മാറിയിരിക്കുകയായിരുന്നു. പിന്നീടവർ കൂടുതൽ ആളുകളുമായി തിരികെവന്ന് ഞങ്ങളെ ആക്രമിച്ചു.ആ സംഭവം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്തവിധം അതെന്നെ മാനികമായി തളർത്തി.'- യുവതികളിലൊരാൾ പറയുന്നു.
ആക്രമണത്തിനിടെ പ്രതികൾ തങ്ങളുടെ വസ്‌ത്രം കീറിപ്പറിച്ച് അപമാനിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുളങ്കോൽ ഉപയോഗിച്ച് മർദിച്ചതായും ആരോപണമുണ്ട്. സംഭവസ്ഥലത്ത് നിരവധിപേരുണ്ടായിരുന്നെങ്കിലും ആരും തങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നില്ലെന്നും പരാതിക്കാർ പറയുന്നു. ചിലർ സംഭവം കണ്ടുനിന്ന് ചിരിക്കുകയായിരുന്നെന്നും അവർ ആരോപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വീഡിയോയിൽ മദ്യലഹരിയിലാണെന്ന് സംശയിക്കുന്ന ചിലർ യുവതികളോട് അസഭ്യം പറയുന്നതും വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിക്കുന്നതും കേൾക്കാമെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിനിരയായ യുവതികളുടെ ആരോഗ്യസ്ഥിതിസംബന്ധിച്ച് പരിശോധനകൾ നടത്തിയ ശേഷം ഡൽഹി കല്ലാജി പൊലീസ് കേസെടുത്തു. പരിക്കേൽപ്പിക്കൽ, മാനഭംഗം ലക്ഷ്യമിട്ടുള്ള ആക്രമണം. ഭീഷണിപ്പെടുത്തൽ, പിന്തുടരൽ എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായ ദൃശ്യങ്ങളും പരിശോധിച്ച ശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.