പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിന് 90 വർഷം കഠിനതടവ്

Thursday 07 May 2026 12:13 AM IST

​കൊല്ലം: ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ ആദ്യവിവാഹത്തിലെ പതിനഞ്ചുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. അഞ്ചാലുംമൂട് വൻമല സ്വദേശി ഷഫീക്കിനെയാണ് (32) കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ 30 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ മൂന്നുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കുട്ടിയുടെ നിലവിലെ ജീവിതസാഹചര്യം വിലയിരുത്തി തുടർജീവിതത്തിനായി തുക നിശ്ചയിച്ച് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി.

​മാതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കി. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലർ പ്രദേശത്തെ അങ്കണവാടിയിലെത്തി അതിജീവിതയെയും സഹോദരങ്ങളെയും വിളിച്ചുവരുത്തി കൗൺസലിംഗിന് വിധേയമാക്കി. തുടർന്ന് കൗൺസിലർ ഇടപെട്ട് കുട്ടികൾക്ക് സംരക്ഷണവും ഉറപ്പാക്കി.

​കണ്ണനല്ലൂർ എസ്.എച്ച്.ഒ പി.ബി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. എ.എസ്.ഐമാരായ ഷീബ, പ്രസന്ന, ഗോപൻ എന്നിവർ പ്രോസിക്യുഷൻ നടപടികൾ ഏകോപിപ്പിച്ചു.