
തൃശ്ശൂര്‍: ബംഗളൂരുവില്‍ മര്‍ദ്ദനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ മലയാളി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിയായ 47കാരിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
മെയ് മൂന്ന് ഞായറാഴ്ചയാണ് അതിക്രമം നടന്നത്. യുവതി ബംഗളൂരുവിലെ സുലിബലയില്‍ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ ജോലിക്ക് വേണ്ടിയാണ്. തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണന്‍ ആണ് യുവതിയെ അതിക്രൂരമായി മര്‍ദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ ആവുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
യുവതിയെ മര്‍ദ്ദിച്ചതായി സമ്മതിക്കുന്ന പ്രതി ദീപക് കൃഷ്ണന്റെ ഓഡിയോ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. ആശുപത്രിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കും. കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഈസ്റ്റ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |