എസ്.ഐയെ സ്കൂട്ടറിടിപ്പിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ

Saturday 16 May 2026 2:56 AM IST

കൊച്ചി: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിപ്പിച്ച് കടന്നുകളഞ്ഞ കേസിൽ മൂന്നാംപ്രതിയും അറസ്റ്റിലായി. പാലക്കാട് മീനാക്ഷിപുരം പാണ്ടിത്താവളം പട്ടഞ്ചേരി എ.ബി മൻസിലിൽ മുഹമ്മദ് ഷാഹിദാണ് (19) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളും പന്തളം സ്വദേശികളുമായ മുഹമ്മദ് സാലിഹ് (20), ഹാഷിം (21) എന്നിവർ ബുധനാഴ്ച അറസ്റ്റിലായിരുന്നു.

വധശ്രമവും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. പ്രതികൾ വിവിധ കോഴ്സുകളിൽ വിദ്യാർത്ഥികളാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുധീഷ് ബാബുവിനാണ് 6ന് രാത്രി 11.20ന് സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റത്. പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ മൂന്നുപേരും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ഇതുവഴി വന്നത്.

പൊലീസ് കൈകാട്ടിയിട്ടും നിറുത്താതെ മുന്നോട്ടെടുത്ത് എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു. സാലിഹാണ് സ്കൂട്ടർ ഓടിച്ചത്. ഷാഹിദ് മദ്ധ്യഭാഗത്തും ഹാഷിം പിന്നിലുമാണ് ഇരുന്നത്. സംഭവത്തിനുശേഷം സ്കൂട്ടർ നിറുത്തിയെങ്കിലും രക്തത്തിൽ കുളിച്ച് കിടക്കുന്ന എസ്.ഐയെ കണ്ട് പ്രതികൾ സ്കൂട്ടറുമായി കടന്നു.