കഴക്കൂട്ടത്ത് പെട്രോൾ പമ്പ് ജീവനക്കാരെ മർദ്ദിച്ചു
Saturday 16 May 2026 2:02 AM IST
കഴക്കൂട്ടം: ടെക്നോപാർക്ക് ഇൻഫോസിസ് ക്യാമ്പസിന് സമീപമുള്ള മണക്കാട്ടിൽ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ,ജീവനക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിലെത്തിയ മൂന്നുപേരാണ് ആക്രമിച്ചത്.ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ച ശേഷം,മദ്യലഹരിയിലായിരുന്ന സംഘം ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.സംഭവത്തിൽ പമ്പുടമ മുഹമ്മദ് അലി നഹാ തുമ്പ പൊലീസിൽ പരാതി നൽകി.ആക്രമണത്തിന്റെ ദൃശ്യങ്ങൾ പമ്പിലെ സി.സി ടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.കാറിന്റെ നമ്പറും സി.സി ടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി. മദ്യപിച്ചെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.