ചെണ്ടമേള സംഘത്തിലെ ആറുപേർക്ക് വെട്ടേറ്റു
വിഴിഞ്ഞം: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിന് നേരെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ആറുപേർക്ക് വെട്ടേറ്റു. കോവളം കെ.എസ് റോഡ് ചെറുകോണത്താണ് സംഭവം.
സംഘത്തിലെ പിതാവും മക്കളും ഉൾപ്പെടെ നാലംഗ സംഘത്തിനാണ് വെട്ടേറ്റത്. ചാവടിനട സ്വദേശികളായ അശ്വിൻ (21),അപ്പൂസ്(24),വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58),മക്കളായ അനീഷ്(32),രാജേഷ്(29),ഇവരുടെ ബന്ധുവായ അഭിലാഷ് (27)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8നാണ് സംഭവം. ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറിയപ്പോഴാണ് പ്രതികൾ ബൈക്കിലെത്തി വാക്കേറ്റവും പിന്നാലെ ആക്രമണവും നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആക്രമണത്തിനു പിന്നിൽ കാപ്പാ കേസ് പ്രതിയും അമ്മയും സഹോദരിയും ഉൾപ്പെട്ട സംഘമാണെന്ന് പൊലീസിന്റെ നിഗമനം. അപ്പൂസിനെ മർദ്ദിച്ച ശേഷം തലയിൽ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. കോവളം പൊലീസ് കേസെടുത്തു. രണ്ടുപേരുടെ സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.