അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിൽ വെടിവയ്പ്പ്; പ്രതികൾ ഉൾപ്പെടെ അഞ്ച് മരണം
വാഷിംഗ്ടൺ: അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് മരണം. സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. വിദ്വേഷ കുറ്റകൃത്യമാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്ന് സാൻ ഡീഗോ പൊലീസ് അറിയിച്ചു.
സാൻ ഡീഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയാണിത്. അഞ്ച് വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ എന്നിവയിൽ കോഴ്സുകൾ നൽകുന്ന അൽ റാഷിദ് സ്കൂളും ഇവിടെ ഉൾപ്പെടുന്നു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
രണ്ട് കൗമാരക്കാരാണ് വെടിയുതിർത്തത്. 17ഉം, 19ഉം വയസ് പ്രായമുള്ള ഇവരെ ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം വെടിയുതിർത്തതെന്നാണ് നിഗമനം. ഇവരുടെ പക്കൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാൾ അമ്മയുടെ വീട്ടിൽ നിന്ന് മൂന്ന് ആയുധങ്ങൾ എടുത്തതായി പൊലീസ് മേധാവി പറഞ്ഞു. 17 വയസുള്ള ഈ കുട്ടി അമ്മയുടെ കാറും കടത്തിക്കൊണ്ട് പോയിരുന്നു. ആയുധങ്ങളിലൊന്നിൽ വിദ്വേഷം നിറഞ്ഞ സന്ദേശങ്ങൾ എഴുതിയിരുന്നത് കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.