
കൊച്ചി: സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പൊന്നാനി സ്വദേശി മഞ്ജിമ ആണ് പിടിയിലായത്. നേരത്തെ ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു, മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം (23) എന്നിവരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അലീനയെ മരട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുംബയ് വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ടോയ്സി സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലറിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബയ് സഫർ പൊലീസിന് കൈമാറുകയായിരുന്നു.
മോഡലിംഗിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും നിരവധി യുവതികൾ ഇരയായെന്നാണ് സൂചന. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയർന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായിൽ എത്തിച്ചശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തി പുരുഷൻമാർക്ക് കാഴ്ച വയ്‌ക്കും. നഗ്നദൃശ്യങ്ങൾ പകർത്തും. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയാണ് രീതി.
സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കൊച്ചിയിൽ തിരിച്ചെത്തിയ സ്ത്രീ നൽകിയ പരാതിയിൽ മരട് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ രണ്ട് സ്ത്രീകളും പരാതി നൽകി. അറസ്റ്റിലായ അലീനയ്ക്കെതിരെ വൈറ്റിലയിലെ ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മരട് പൊലീസ് കേസെടുത്തിരുന്നു. അലീനയ്ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |