തിരുവനന്തപുരം: ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇയാൾ നാട്ടിലെത്തിയത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിനാണ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽപ്പെട്ടയാളെ പൊലീസിന് കൈമാറുന്നത് സാധാരണ നടപടിയാണെന്നാണ് സതീഷിന്റെ അഭിഭാഷകൻ മുനീർ ഷംസുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയതിനുശേഷമേ സതീഷിനെ ജാമ്യത്തിൽ വിട്ടയക്കുകയുളളൂവെന്നാണ് വലിയതുറ പൊലീസ് നൽകുന്ന വിവരം.
സതീഷിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷാർജയിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നേ കാലിനുളള വിമാനത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലായ് 19നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരുന്നു.
അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരആരോപണങ്ങൾ വന്നതിനുപിന്നാലെ സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചിരുന്നു.
ഒരുവർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. തനിക്ക് രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്ന് നേരത്തെ സതീഷ് വ്യക്തമാക്കിയിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |