തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2024 ലെ വിശിഷ്ടാംഗത്വത്തിന് കവികളായ കെ.വി.രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അർഹരായി. 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
മറ്റ് അവാർഡുകൾ: കവിത - അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്), നോവൽ - ജി.ആർ.ഇന്ദുഗോപൻ (ആനോ), ചെറുകഥ വി.ഷിനിലാൽ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര), നാടകം - ശശിധരൻ നടുവിൽ (പിത്തളശലഭം), സാഹിത്യ വിമർശനം - ജി ദിലീപൻ (രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ), വൈജ്ഞാനിക സാഹിത്യം - പി.ദീപക് (നിർമിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം), ജീവചരിത്രം, ആത്മകഥ - ഡോ. കെ.രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം), യാത്രാവിവരണം - കെ.ആർ.അജയൻ (ആരോഹണം ഹിമാലയം), വിവർത്തനം - ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം), ബാലസാഹിത്യം - ഇ.എൻ.ഷീജ (അമ്മമണമുള്ള കനിവുകൾ). ഹാസ്യസാഹിത്യം - നിരഞ്ജൻ (കേരളത്തിന്റെ മൈദാത്മകത വറുത്തരച്ച ചരിത്രത്തോടൊപ്പം). 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എം.സ്വരാജിന് എൻഡോവ്‌മെന്റ്
എൻഡോവ്‌മെന്റ് അവാർഡുകളിൽ സി.ബി.കുമാർ അവാർഡ് എം.സ്വരാജിന് (ഉപന്യാസം: പൂക്കളുടെ പുസ്തകം10,000 രൂപ) ലഭിച്ചു. കുറ്റിപ്പുഴ അവാർഡ് ഡോ. എസ്.എസ്.ശ്രീകുമാർ (സാഹിത്യ വിമർശനം മലയാള സാഹിത്യ വിമർശനത്തിലെ മാർക്‌സിയൻ സ്വാധീനം) 10,000 രൂപ, ജി.എൻ.പിള്ള അവാർഡ് ഡോ. കെ.സി.സൗമ്യ (വൈജ്ഞാനിക സാഹിത്യം കഥാപ്രസംഗ കലയും സമൂഹവും), ഡോ. ടി.എസ്.ശ്യാംകുമാർ (വൈജ്ഞാനിക സാഹിത്യം ആരുടെ രാമൻ) 5000 രൂപ, ഗീതാ ഹിരണ്യൻ അവാർഡ് സലീം ഷെരീഫ് (ചെറുകഥ പൂക്കാരൻ) 10,000 രൂപ, യുവകവിത അവാർഡ് ദുർഗ പ്രസാദ് (രാത്രിയിൽ അച്ചാങ്കര) 10,000 രൂപ, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം ഡോ. കെ.പി.പ്രസീദ (എഴുത്തച്ഛന്റെ കാവ്യഭാഷ) അയ്യായിരം രൂപ. അർഹമായ കൃതിയില്ലാത്തതിനാൽ 2024ലെ വിലാസിനി പുരസ്‌കാരം പ്രഖ്യാപിച്ചില്ല.
സെക്രട്ടറി സി.പി.അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, അക്കാഡമി മാനേജർ പി.കെ.മിനി, ലൈബ്രേറിയൻ മനീഷ പാങ്ങിൽ, പബ്ലിക്കേഷൻ ഓഫീസർ എൻ.ജി.നയനതാര, സബ് എഡിറ്റർ കെ.എസ്.സൗമ്യ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |