കൊച്ചി: റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങളും മരണങ്ങളും വർദ്ധിക്കുമ്പോഴും ബന്ധപ്പെട്ട എൻജിനിയർമാർ നിഷ്ക്രിയത്വം പാലിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എൻജിനിയർമാർ നേരിട്ടുഹാജരായി വിശദീകരണം നൽകേണ്ടിവരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മിക്ക റോഡുകളും കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലാണ്. ഇത് പരിശോധിച്ച് പരിഹാരമുണ്ടാക്കേണ്ട എൻജിനിയർമാരെ വഴിയിൽ കാണുന്നില്ല. എന്തിനാണ് ഇവർക്ക് ശമ്പളം കൊടുക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു.
കുഴിയുണ്ടാകാനുള്ള സാദ്ധ്യത മുൻകൂട്ടി കാണുന്നതാണ് എൻജിനിയർമാരുടെ കഴിവ്. അല്ലാതെ കുഴി എങ്ങനെയെങ്കിലും മൂടുന്നതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
തൃശൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം. തൃശൂരിലെ രണ്ടാമത്തെ അപകടം കുഴി കാരണമല്ലെന്നും ഓവർടേക്കിംഗിനിടെ തെന്നിയതാണെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, ആദ്യസംഭവത്തിൽപ്പോലും തുടർനടപടിയുണ്ടായില്ലെന്ന് കോടതി പറഞ്ഞു. ഇതിൽ ചൊവ്വാഴ്ച വിശദീകരണം നൽകണം.
കണ്ണുതുറക്കാൻ
കഴിയാത്തതെന്ത്?
റോഡിൽ ഒഴുകുന്ന ചോരയും അനാഥരാകുന്ന കുടുംബങ്ങളുടെ കണ്ണീരുമാണ് കോടതിയെ സംസാരിപ്പിക്കുന്നത്
ഇവരുടെ വിഷമങ്ങളിൽ കണ്ണുതുറക്കാനും ഹൃദയത്തിൽ ഏറ്റുവാങ്ങാനും അധികൃതർക്ക് കഴിയാത്തതെന്തെന്നും ഹൈക്കോടതി
നന്നാക്കാൻ നടപടിയില്ല
ഇരുചക്രവാഹന യാത്ര അതീവ അപകടാവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു. ഹെൽമെറ്റ് വയ്ക്കണമെന്ന നിയമം കൊണ്ടുവന്ന സർക്കാരിന് റോഡിലെ കുഴികൾ ഉണ്ടാക്കുന്ന മരണത്തിനും പരിക്കിനും എന്ത് ഉത്തരമാണുള്ളത്? റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയുമില്ല. മരണങ്ങൾ വർദ്ധിക്കാനാണോ കാത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |