
കമ്പനി യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണം
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനും കമ്പനിയ്ക്കുമെതിരെ രൂക്ഷവിമർശനവും ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. എന്തുകൊണ്ട് സാഹചര്യം വഷളായതിനു ശേഷം കേന്ദ്രം ഇടപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ,ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. മറ്റു വിമാനകമ്പനികളുടെ ടിക്കറ്റുനിരക്ക് കുതിച്ചുയരാൻ എന്തിന് അനുവദിച്ചു? ചില റൂട്ടുകളിൽ 5000 രൂപ വരെയായിരുന്ന ടിക്കറ്രു നിരക്ക് 39,000ലേക്ക് വരെ പൊടുന്നനെ കുതിച്ചുയർന്നു. ഇതെങ്ങനെ സംഭവിച്ചു? മുതലെടുപ്പ് നടത്താൻ എങ്ങനെ അവർക്ക് അവസരം കിട്ടി. വിമാനകമ്പനികൾക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രം നിസഹായരാണോ? രാജ്യവ്യാപകമായി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയെന്നു മാത്രമല്ല രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചുവെന്നും കോടതി പറഞ്ഞു. എന്നാൽ,പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയവും,ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) സ്വീകരിച്ച നടപടികൾ അഭിനന്ദാർഹമാണെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം,ഇൻഡിഗോ യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകാനും നിർദ്ദേശിച്ചു. വിമാനം വൈകിയാലോ,റദ്ദാക്കിയാലോ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് ഡി.ജി.സിയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതു കർശനമായി നടപ്പാകണം. സർവീസുകൾ എത്രയും വേഗം സാധാരണനിലയിലേക്ക് കൊണ്ടുവരണം. ഇത്തരത്തിലൊരു പ്രതിസന്ധി ഇനിയുണ്ടാകരുത്. ഇതിനായി ആവശ്യത്തിന് പൈലറ്റുമാരെയും ജീവനക്കാരെയും എല്ലാ വിമാനക്കമ്പനികളും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. ഉന്നതതല സമിതി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് 2026 ജനുവരി 22നകം മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ സമർപ്പിക്കണം. ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി.
കമ്പനി പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല
കുട്ടികളും ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്ന പൗരന്മാരും അടക്കം ഏറെ ബുദ്ധിമുട്ടിയത് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് തറയിൽ കിടന്നുറങ്ങേണ്ടി വന്നു. ഇൻഡിഗോ ജീവനക്കാർ ഉചിതമായ രീതിയിൽ യാത്രക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തില്ല. പരിഷ്‌കൃത സമൂഹം പ്രതീക്ഷിച്ച രീതിയിലല്ല ജീവനക്കാർ ഇടപെട്ടത്. പൊതുതാത്പര്യം മുൻനിറുത്തിയാണ് തങ്ങളുടെ പരാമർശങ്ങൾ. കേന്ദ്രസർക്കാരിനും ഇൻഡിഗോയ്‌ക്കും ഉത്തരവാദിത്തമുണ്ടെന്നും ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |