
ന്യൂഡൽഹി: തുടർച്ചയായ സർവീസ് റദ്ദാക്കലുകളുടെ സാഹചര്യത്തിൽ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡി.ജി.സി.എ മേൽനോട്ട സമിതി രൂപീകരിച്ചു. ഇൻഡിഗോയുടെ ഗുഡ്‌ഗാവിലെ ആസ്ഥാനത്തും കൊച്ചി അടക്കം 11 വിമാനത്താവളങ്ങളിലും സമിതി അംഗങ്ങൾ നിരീക്ഷിക്കും. അതിനിടെ ഇന്നലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 220 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.
ഇൻഡിഗോയുടെ ആകെ വിമാനങ്ങളിൽ സർവീസ് നടത്തുന്നവ എത്ര,സർവീസ് വിശദാംശങ്ങൾ, ലഭ്യമായ പൈലറ്റുമാർ അടക്കം ജീവനക്കാർ, അവധിയിലുള്ളവർ,പരിശീലനത്തിനുള്ളവർ,ജീവനക്കാരുടെ ക്ഷാമം മൂലം തടസപ്പെട്ട സർവീസുകൾ,റീഫണ്ട് കണക്കുകൾ തുടങ്ങിയവ വിവരങ്ങൾ ഇവർ ശേഖരിച്ച് സിവിൽ വ്യോമയാന മന്ത്രാലയത്തിന് നൽകും. വിമാന കാലതാമസവും റദ്ദാക്കലും മൂലമുണ്ടാകുന്ന യാത്രക്കാരുടെ അസൗകര്യം പരിഹരിക്കലാണ് ലക്ഷ്യമെന്ന് ഡി.ജി.സി.എ പ്രഖ്യാപിച്ചു. ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ഐശ്വീർ അടക്കം ഡെപ്യൂട്ടി,സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘമാണ് മേൽനോട്ടത്തിനുള്ളത്. രണ്ട് പേർ ഗുഡ്ഗാവിലെ ഇൻഡിഗോ കോർപ്പറേറ്റ് ഓഫീസിൽ ദിവസേന നിലയുറപ്പിക്കും. മറ്റുള്ളവർക്ക് നാഗ്പൂർ,ജയ്പൂർ,ഭോപ്പാൽ,സൂറത്ത്,തിരുപ്പതി,വിജയവാഡ,ഷിർദ്ദി,കൊച്ചി,ലഖ്‌നൗ,അമൃത്സർ,ഡെറാഡൂൺ വിമാനത്താവളങ്ങളിലാണ് ചുമതല. ഇവർ എല്ലാ ദിവസവും വൈകുന്നേരം 6ന് മുമ്പ് ഡി.ജി.സി.എ ജോയിന്റ് ഡയറക്ടർ ജനറലിന് റിപ്പോർട്ട് നൽകും. അതിനിടെ തുടർച്ചയായ ഒമ്പതാം ദിവസവും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. ഇന്നലെ റദ്ദാക്കപ്പെട്ട വിമാനങ്ങൾ: ഡൽഹി-137, മുംബയ്-21, ബാംഗളൂരു-61. അതിനിടെ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനോട് ഇന്ന് 3ന് ഹാജരാകാൻ ഡി.ജി.സി.എ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കടുത്ത
നിയന്ത്രണം
പൈലറ്റുമാരുടെ സുരക്ഷയ്‌ക്കായി ഇന്ത്യയിൽ കൊണ്ടുവന്ന ചട്ടങ്ങൾ ലോകത്തെ മറ്റു ഭാഗങ്ങളിലേതിനെക്കാൾ കടുപ്പമെന്ന് എയർലൈനുകളുടെ ആഗോള സംഘടനായ അയാട്ടയുടെ മേധാവി ചീഫ് വില്ലി വാൽഷ്. എന്നാൽ,വ്യവസായം സുരക്ഷിതവും ഭദ്രവുമാക്കാൻ റെഗുലേറ്റർമാർക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |