തിരുവനന്തപുരം: ശബരി റെയിൽപ്പാത പദ്ധതി മരവിപ്പിച്ചുകൊണ്ടുള്ള 2019ലെ റെയിൽവേ ഉത്തരവ് പിൻവലിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് കടക്കൂവെന്ന നിലപാടിൽ കേരളം.
മരവിപ്പിക്കൽ പിൻവലിച്ച് റെയിൽവേ ഉത്തരവിറക്കിയ ശേഷം ഭൂമിയേറ്റെടുത്താൽ മതിയെന്ന് ചീഫ്സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും സർക്കാരിന് ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതേ നിലപാടാണെന്നറിയുന്നു. സംസ്ഥാനത്തിന്റെ വിഹിതമുപയോഗിച്ച് ഭൂമിയേറ്റെടുത്താൽ ഉടൻ മരവിപ്പിക്കൽ ഉത്തരവ് നീക്കുമെന്നും നിർമ്മാണം തുടങ്ങുമെന്നുമാണ് റെയിൽവേ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ വിവേക് കുമാർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നത്. മരവിപ്പിക്കൽ നീക്കുമെന്ന് റെയിൽവേമന്ത്രി അശ്വിനിവൈഷ്‌ണവ് നേരത്തേ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ഭൂമിയേറ്റെടുക്കലിലെ തടസവും അലൈൻമെന്റിനെച്ചൊല്ലിയുള്ള കേസുകളും കാരണമാണ് ഭൂമി മുൻകൂറായി ഏറ്റെടുക്കണമെന്ന് റെയിൽവേ നിബന്ധന വയ്ക്കുന്നത്. ഇതിനുള്ള ചെലവ് പദ്ധതിയിലെ സംസ്ഥാനവിഹിതമായി കണക്കാക്കും. അങ്കമാലി മുതൽ എരുമേലി വരെ മുഴുവൻ ഭൂമിയുമേറ്റെടുത്താലേ നിർമ്മാണം ആരംഭിക്കൂവെന്നാണ് റെയിൽവേയുടെ നിലപാട്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി 416ഹെക്ടറോളം ഭൂമിയേറ്റെടുക്കാൻ 1400കോടിയോളം കേരളംമുടക്കേണ്ടിവരും. എറണാകുളത്ത് 152ഹെക്ടറിൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ 2വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട് തിരിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ വീണ്ടും തുറക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനും നേരത്തേ സർക്കാർ ആലോചിച്ചിരുന്നെങ്കിലും നിയമ-സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ എതിർക്കുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.
ഭൂമിയേറ്റെടുക്കൽ ഇതുവരെ
അങ്കമാലി-തൊടുപുഴ 58കിലോമീറ്ററിൽ ഭൂമിയേറ്റെടുപ്പിന് സാമൂഹ്യാഘാത പഠനം പൂർത്തിയാക്കി. ചെലവ് 600കോടി
കാലടി-പെരുമ്പാവൂർ 10കിലോമീറ്ററിൽ പബ്ലിക്ഹിയറിംഗും കഴിഞ്ഞു, ഭൂവുടമകൾക്ക് വിലനൽകിയിട്ടില്ല
തൊടുപുഴ-രാമപുരം 12കിലോമീറ്ററിൽ സാമൂഹ്യാഘാതപഠനം നടത്തണം. ശേഷിക്കുന്നിടത്ത് സർവേയും പഠനവും നടത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |