ആലപ്പുഴ: ഭരണിക്കാവ് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലി യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ പരിഹരിച്ചു. യാക്കോബായ വിഭാഗത്തിൽപ്പെട്ട പറമ്പിൽ പിടികയിൽ അമ്മിണി രാജന്റെ (82) സംസ്കാര ചടങ്ങ് ഓർത്തഡോക്സ് വിഭാഗം തടഞ്ഞതിനെത്തുടർന്നായിരുന്നു സംഘർഷാവസ്ഥ. പള്ളിക്ക് മുന്നിൽ അമ്മിണി രാജന്റെ മൃതദേഹവുമായി യാക്കോബായ വിഭാഗം പ്രതിഷേധിച്ചു.
വർഷങ്ങളായി യാക്കോബായ , ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയാണ് ഇത് . കോടതി ഉത്തരവ് പ്രകാരം ആദ്യം യാക്കോബായ സഭയ്ക്ക് ഭരണം ലഭിച്ചു. എന്നാൽ, സുപ്രിംകോടതിയിൽ നിന്ന് അനുകൂലവിധി വന്നതോടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിനായി. ഇരുവിഭാഗത്തിലുംപെട്ട വിശ്വാസികളുടെ സംസ്കാരത്തിന് കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട വൈദികൻമാർ മരണാനന്തര ചടങ്ങിന് പള്ളിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി വിധിയിലുള്ളതായി ഓർത്തഡോക്സ് വിഭാഗം പറഞ്ഞു . ഇങ്ങനെ ഒരു പരാമർശവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. . മരിച്ച അമ്മിണിയുടെ കൊച്ചുമകൻ വൈദികനാണ്. ഇദ്ദേഹം പള്ളിയിൽ പ്രവേശിക്കുന്നതിനെച്ചൊല്ലിയാണ് ഇന്നലെ തർക്കമുണ്ടായത്. റവന്യു, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ വൈദികനായ ചെറുമകനെ സെമിത്തേരിയിൽ കയറ്റാമെന്ന് ധാരണയായതോടെയാണ് പ്രതിഷേധം അവസാനിച്ചത്. രാത്രി ഒൻപതോടെ അമ്മിണി രാജന്റെ മൃദദേഹം സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |